ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്രമായ കൊളീജിയം സംവിധാനം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് അഡ്വ. പ്രശാന്ത് ഭൂഷൺ വഴി ഹർജി നൽകിയത്.

തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ സർക്കാർ നേരിട്ട് തിരഞ്ഞെടുത്ത് നിയമിക്കുന്നത് ശരിയല്ലെന്നാണ് ഹർജിക്കാരുടെ വാദം. അങ്ങനെ ചെയ്യുന്നതോടെ സർക്കാരിന്റെതന്നെ ശാഖയായി കമ്മിഷൻ മാറും. ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ് ജനാധിപത്യം. അത് നിലനിൽക്കണമെങ്കിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കണം. തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതാണെങ്കിൽ മാത്രമേ അത് സാധിക്കൂവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.