ചെന്നൈ: രണ്ടാഴ്ചയ്ക്കുള്ളിൽ തമിഴ്നാട്ടിൽ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒരു ലക്ഷത്തിന്റെ വർധന. മേയ് രണ്ടിന് 1,20,444 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. മേയ് 16-ന് ഇത് 2,19,342 ആയി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിൽക്കഴിയുന്നവർ ദിവസേന വർധിക്കുകയാണ്. രോഗമുക്തി കുറയുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു.

കഴിഞ്ഞവർഷം രോഗം ബാധിക്കുന്നവരുടെ എണ്ണവും രോഗമുക്തി നിരക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നില്ല. അതിനാൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞിരുന്നില്ല. രണ്ടാം തരംഗത്തിൽ കോവിഡ് ബാധിക്കുന്നവരിൽ ഭൂരിഭാഗവും ആശുപത്രിയിൽ ചികിത്സയിലാണ്.

രോഗം ബാധിക്കുന്നവരിൽ 50 ശതമാനത്തിലേറെ പേർക്കും ഓക്സിജൻ സഹായം വേണ്ടിവരുന്നതിനാൽ ആശുപത്രി വിടാൻ കൂടുതൽ ദിവസം വേണ്ടിവരുന്നു. മെഡിക്കൽ കോളേജുകളിൽ ചികിത്സയിലുള്ളവരിൽ നല്ലൊരു ശതമാനവും ഓക്സിജന്റെ സഹായത്തോടെയാണ് കഴിയുന്നത്. കോവിഡ് ബാധിതർക്ക് ഏറെനാൾ ആശുപത്രിവാസം വേണ്ടിവരുന്നതിനാൽ കൂടുതൽ താത്കാലിക ആശുപത്രികൾ ആരംഭിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ചെന്നൈയിൽ അഞ്ച് വിദ്യാലയങ്ങൾ താത്കാലിക ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്.