മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിന്റെ തീവ്രതയിൽ മുംബൈ മഹാനഗരവും പ്രാന്തപ്രദേശങ്ങളും അക്ഷരാർഥത്തിൽ വിറച്ചു. നവിമുംബൈയിലും റായ്ഗഢിലുമായി രണ്ടുപേർ മരിച്ചു. കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. വിമാനത്താവളം രാത്രിവരെ അടച്ചിട്ടു. മുംബൈയിൽ ഇറങ്ങേണ്ട വിമാനങ്ങൾ മറ്റിടങ്ങളിലേക്ക് വഴിമാറ്റിവിട്ടു. ഉച്ചമുതൽ തീവണ്ടിയോട്ടവും നിലച്ചു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. മുംബൈയിൽനിന്നും റായ്ഗഢ് ജില്ലയിലെ തീരപ്രദേശങ്ങളിൽനിന്നും 12,500 പേരെ തിങ്കളാഴ്വ വൈകീട്ടോടെ മാറ്റിപ്പാർപ്പിച്ചു. തിങ്കളാഴ്ച റായ്ഗഢിൽ റെഡ് അലർട്ടും മുംബൈ, താനെ, പാൽഘർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.

മുംബൈയിലെ കോവിഡ് താത്കാലിക കേന്ദ്രങ്ങളിൽനിന്ന് രോഗികളെ ആശുപത്രികളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് കാറ്റും മഴയും മുംബൈയിലേക്ക് എത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ മഴ കനത്തു. വൈകീട്ട് നാലിനുശേഷം കാറ്റിനു ശക്തി കൂടിയതോടെ നൂറുകണക്കിന് മരങ്ങൾ കടപുഴകി വീണു. ഒട്ടേറെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ബാന്ദ്രാ-വർളി കടൽപ്പാലം അടച്ചിട്ടു. മോണോ റെയിലും ഓടിയില്ല.

410 പേരുമായി പോയ രണ്ട് വലിയ ബോട്ടുകൾ കടലിൽ കാണാതായിട്ടുണ്ട്.

ഐ.എൻ.എസ്. കൊൽക്കത്തയുമായി നാവികസേന ഇവിടെ രക്ഷാപ്രവർത്തനം നടത്തുകയാണ്. സ്ഥിതിഗതികളെക്കുറിച്ചറിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ചു. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരപ്രദേശങ്ങളിലേക്കെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.