ചെന്നൈ: സൂപ്പർതാരം രജനീകാന്ത് ചികിത്സയ്ക്കായി ശനിയാഴ്ച യു.എസിലേക്ക് തിരിക്കും. രാത്രിയിൽ ചെന്നൈയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് യാത്ര. വർഷങ്ങൾക്കുമുമ്പ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന രജനി തുടർചികിത്സയ്ക്കും പരിശോധനയ്ക്കുമായാണ് യു.എസിൽ പോകുന്നത്. തിങ്കളാഴ്ചയാണ് പരിശോധന. മകൾ ഐശ്വര്യയ്ക്കും കൊച്ചുമക്കൾക്കും ഒപ്പമാണ് ചെന്നൈയിൽനിന്ന് തിരിക്കുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി യു.എസിലുള്ള മരുമകനും നടനുമായ ധനുഷ് പിന്നീട് രജനിക്കൊപ്പം ചേരും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പ്രത്യേക അനുമതിയോടെയാണ് യാത്ര.

പുതിയ ചിത്രമായ ‘അണ്ണാത്തേ’യുടെ ചിത്രീകരണം അവസാനിച്ചതിനുശേഷം ഏറെ നാളുകളായി ചെന്നൈയിലെ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ് രജനി. രണ്ടുവൃക്കകളും മാറ്റിവെച്ചിട്ടുള്ള രജനീകാന്ത് ആരോഗ്യപ്രശ്നത്തെത്തുടർന്നാണ് രാഷ്ട്രീയപ്രവേശം പാതിവഴിയിൽ ഉപേക്ഷിച്ചത്.