മുംബൈ: കടലിൽ മുങ്ങിക്കൊണ്ടിരുന്ന ചെറുചരക്കുകപ്പലായ ‘എം.വി.മംഗള’ത്തിലെ 16 ജീവനക്കാരെയും സമയോചിതമായ ഇടപെടലിലൂടെ തീരരക്ഷാസേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ മഹാരാഷ്ട്രയിലെ റായ്ഗഢിലെ റെവ്ദന്ദ തുറമുഖത്തിന് സമീപമായിരുന്നു സംഭവം. തറമുഖത്തുനിന്ന് മൂന്നുകിലോമീറ്റർ അകലെയായി കപ്പൽ മുങ്ങിക്കൊണ്ടിരിക്കയാണെന്നും രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കപ്പലിലെ സെക്കൻഡ് ഓഫീസറാണ് സന്ദേശമയച്ചത്.

വെള്ളം കയറാൻ തുടങ്ങിയപ്പോൾ മുതൽ ജീവനക്കാർ പേടിച്ചിരിക്കുകയാണെന്നും കപ്പൽ ഉപേക്ഷിക്കുകമാത്രമേ പോംവഴിയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. സന്ദേശം ലഭിച്ച തീരരക്ഷാസേന ഉടൻതന്നെ ദിഘി ഹാർബറിൽനിന്ന് തങ്ങളുടെ സുഭദ്ര കുമാരി ചൗഹാൻ എന്ന കപ്പലിനെ സംഭവസ്ഥലത്തേക്ക് അയയ്ക്കുകയായിരുന്നു. അതേസമയംതന്നെ ദമനിൽനിന്ന് രണ്ടു ഹെലികോപ്ടറുകളും അയച്ചു. കാലത്ത് 10.15-ഓടെ സംഭവസ്ഥലത്തെത്തിയ തീരരക്ഷാസേന ചെറുബോട്ടുകൾ വെള്ളത്തിലിറക്കിയാണ് ജീവനക്കാരെ തങ്ങളുടെ കപ്പലിലേക്ക് എത്തിച്ചത്. കുറച്ചുപേരെ ഹെലികോപ്റ്റർ വഴിയും പുറത്തെത്തിച്ചു. ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു.

മുങ്ങിയ ചരക്കുകപ്പലിലെ 16 പേരെയും തുറമുഖത്തെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. മുംബൈയിൽനിന്ന്‌ റെവ്ദന്ദ തുറമുഖത്തേക്ക് പോകുന്നതിനിടയിലാണ് സാങ്കേതിക തകരാർകാരണം കപ്പൽ മുങ്ങാൻ തുടങ്ങിയത്.