മുംബൈ: മുംബൈ പോലീസിലെ ഏറ്റുമുട്ടൽ വിദഗ്ധനും ശിവസേനാ നേതാവുമായിരുന്ന പ്രദീപ് ശർമയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ വാഹനത്തിൽ സ്ഫോടകവസ്തുക്കളും ഭീഷണിസന്ദേശവും വെക്കുകയും വാഹന ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങളിൽ പങ്കുണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് അറസ്റ്റ്.

പോലീസിൽനിന്ന് രാജിവെച്ച് ശിവസേനയിൽ ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ശർമയുടെ വസതിയിലും അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയുടെ ഓഫീസിലും വ്യാഴാഴ്ച രാവിലെ എൻ.ഐ.എ. റെയ്ഡ് നടത്തിയിരുന്നു. അതോടൊപ്പം ശർമയെ ചോദ്യംചെയ്യാൻ വിളിപ്പിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സി.ആർ.പി.എഫിന്റെയും മുംബൈ പോലീസിന്റെയും സഹായത്തോടെയാണ് അന്ധേരി വെസ്റ്റിലെ ജെ.ബി. നഗറിലുള്ള വസതിയിൽ റെയ്ഡ് നടത്തിയത്. ശർമയെയും കഴിഞ്ഞദിവസം അറസ്റ്റിലായ രണ്ടു പേരെയും മുംബൈയിലെ എൻ.ഐ.എ. കോടതി ജൂൺ 28 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.

ഈ കേസിൽ അറസ്റ്റുചെയ്യപ്പെടുന്ന എട്ടാമത്തെയാളാണ് ഒരുകാലത്ത് മുംബൈ പോലീസിൽ താരപരിവേഷമുണ്ടായിരുന്ന പ്രദീപ് ശർമ. മൂന്നരപ്പതിറ്റാണ്ടുകാലം മുംബൈ പോലീസിൽ പ്രവർത്തിച്ചിട്ടുള്ള ശർമ ഏറ്റുമുട്ടലുകളിലൂടെ മുന്നൂറിലേറെ കുറ്റവാളികളെ വകവരുത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. അഴിമതി ആരോപണങ്ങളെത്തുടർന്ന് 2008 ഓഗസ്റ്റിൽ അദ്ദേഹത്തെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. അന്വേഷണത്തിൽ നിരപരാധിയെന്നു കണ്ട് 2017 ഓഗസ്റ്റിൽ തിരിച്ചെടുത്തു. 2019 ജൂലായിൽ പോലീസിൽനിന്ന് രാജിവെച്ചാണ് ശിവസേനയിൽ ചേർന്നത്. അതേവർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ നലസൊപ്പാരയിൽനിന്ന് മത്സരിച്ചെങ്കിലും തോറ്റു. ബോംബുവെച്ച കേസിൽ ശർമയ്ക്കുള്ള പങ്ക് എന്താണെന്ന് എൻ.ഐ.എ. വെളിപ്പെടുത്തിയിട്ടില്ല.

മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്കു മുന്നിൽ ഫെബ്രുവരി 25-നാണ് സ്ഫോടകവസ്തുക്കൾ വെച്ച നിലയിൽ വാഹനം കണ്ടെത്തിയത്. വാഹന ഉടമയായിരുന്ന മൻസുഖ് ഹിരേനിന്റെ മൃതദേഹം മാർച്ച് അഞ്ചിന് മുംബ്രയിലെ കടലിടുക്കിൽ കണ്ടെത്തി. മാർച്ച് എട്ടിന് കേസന്വേഷണം മുംബൈ പോലീസിൽനിന്ന് എൻ.ഐ.എ. ഏറ്റെടുത്തു. രണ്ടു കേസുകളുടെയും അന്വേഷണച്ചുമതലയുണ്ടായിരുന്ന സച്ചിൻ വാസേയെ മാർച്ച് 13-നാണ് എൻ.ഐ.എ. അറസ്റ്റുചെയ്തത്. ഏറ്റുമുട്ടൽ വിദഗ്ധൻ എന്ന നിലയിൽ പ്രശസ്തനായിരുന്ന സച്ചിൻ വാസേയ്‌ക്കൊപ്പം സഹപ്രവർത്തകരായിരുന്ന റിയാസ് കാസി, സുനിൽ മാനേ, വിനായക് ഷിന്ദേ എന്നിവരും അറസ്റ്റുചെയ്യപ്പെട്ടു.