ബിക്കാനേർ: രാജസ്ഥാനിലെ ഹിന്ദു-മുസ്‌ലിം വിവാഹവിവാദത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി. വിവാഹത്തെ മതപരിവർത്തനത്തിന്‌ ഉപയോഗിക്കുന്ന രീതി നിർത്താൻ സംസ്ഥാനത്ത് നിയമംകൊണ്ടുവരണമെന്ന് കേന്ദ്ര കാർഷിക സഹമന്ത്രി കൈലാഷ് ചൗധരി ആവശ്യപ്പെട്ടു.

ബിക്കാനേർ വാസിയായ പതിനെട്ടുകാരി ദ്യുതി, 22 വയസ്സുള്ള മുഖ്ത്യാർ ഖാനെ ഡിസംബറിൽ വിവാഹംകഴിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. ലവ് ജിഹാദാണെന്നു പറഞ്ഞ് ദ്യുതിയുടെ വീട്ടുകാർ സാമൂഹികമാധ്യങ്ങളിൽ പ്രസ്താവനയിട്ടു. വിഷയത്തിൽ സമുദായം ഇടപെണമെന്നും യുവതിയുടെ അച്ഛൻ വീഡിയോയിലൂടെ അഭ്യർഥിച്ചു.

പിന്നാലെ യുവതിയും സാമൂഹികമാധ്യത്തിൽ വീഡിയോ പ്രസ്താവനയുമായെത്തി. ഡിസംബർ 10-ന് മുഖ്ത്യാർ ഖാനെ വിവാഹംകഴിച്ചത് സ്വന്തംഇഷ്ടപ്രകാരമെന്ന് അവർ പറഞ്ഞു. താൻ ഇസ്‌ലാമിലേക്കല്ല, ഖാൻ ഹിന്ദുമതത്തിലേക്കാണ് മാറിയതെന്നും അവർ പറഞ്ഞു. ശനിയാഴ്ച നയാസഹർ പോലീസ് സ്റ്റേഷനിലെത്തിയ യുവതി ഇരുവർക്കും സംരക്ഷണവുംതേടി. സംഭവം ലവ് ജിഹാദല്ലെന്നും രണ്ടുപേരും സ്വന്തംഇഷ്ടപ്രകാരം വിവാഹിതരായതാണെന്നും ബിക്കാനേർ പോലീസ് പറഞ്ഞു. പ്രചരിക്കുന്ന കഥകൾ അടിസ്ഥാനരഹിതമാണെന്നും ഇവ അവഗണിക്കണമെന്നും പറഞ്ഞ് യുവതിയുടെ വീഡിയോയും ചേർത്ത് പോലീസ് ട്വീറ്റുമിട്ടു.

ഇതുകണക്കിലെടുക്കാതെയാണ് സംഭവം ലവ് ജിഹാദാണെന്നും ശരിയായി അന്വേഷിക്കണമെന്നും മന്ത്രി കൈലാഷ് ചൗധരി ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തർപ്രദേശിലേതുപോലെ ലവ് ജിഹാദിനെതിരേ രാജസ്ഥാൻ സർക്കാരും നിയമംകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.