ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച 4319 ആരോഗ്യപ്രവർത്തകരിൽ 52 പേർക്ക് പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 51 പേർക്ക് നേരിയ പാർശ്വഫലങ്ങളാണെങ്കിൽ, ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.

നോർത്തേൺ റെയിൽവേ സെൻട്രൽ ആശുപത്രിയിൽ കുത്തിവെപ്പ് നൽകിയ ഒരാൾക്കാണ് സാരമായ പാർശ്വഫലം റിപ്പോർട്ട് ചെയ്തത്. മറ്റു രോഗങ്ങളുണ്ടായിരുന്നത് മറച്ചുവെച്ചതാണ് ഇതിന് മുഖ്യകാരണമെന്ന് നോർത്തേൺ റെയിൽവേ സി.പി.ആർ.ഒ. ദീപക് കുമാർ പറഞ്ഞു.

കടുത്ത രക്തസമ്മർദവും പഞ്ചസാരയുടെ പ്രശ്നവും കരൾരോഗവുമുള്ള വ്യക്തിയാണിത്. വാക്സിൻ സ്വീകരിക്കുമ്പോഴും രക്തസമ്മർദം കൂടുതലായിരുന്നതാകാം പാർശ്വഫലമുണ്ടാക്കിയത്. രോഗിയെ രണ്ടുമണിക്കൂർ നിരീക്ഷണത്തിൽ വെച്ചുവെന്നും അതിനുശേഷം സുഖപ്പെട്ടുവെന്നും ദീപക് കുമാർ അറിയിച്ചു.

ബാക്കി 51 പേർക്ക് നേരിയതോതിലുള്ള പ്രശ്‌നങ്ങളേ ഉണ്ടായിട്ടുള്ളൂ. വാക്സിൻ സുരക്ഷിതമാണെന്നും മറ്റു വാക്സിനുകൾക്കുള്ളതുപോലുള്ള പാർശ്വഫലങ്ങളേ ഇതിനുമുള്ളൂവെന്നും ദീപക് കുമാർ പറഞ്ഞു.

എയിംസിൽ കുത്തിവെപ്പ് സ്വീകരിച്ച ശുചീകരണത്തൊഴിലാളികളിൽ ഒരാൾക്കും പാർശ്വഫലം കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനിയും ശരീരവേദനയുമാണ് അനുഭവപ്പെട്ടിരുന്നത്.