ന്യൂഡൽഹി: കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ജന്തർമന്തറിലെ കർഷക സമരവേദിയിലെത്തി. സമരം ചെയ്യുന്ന കർഷകർക്ക് അഭിവാദ്യമർപ്പിച്ചു.

പഞ്ചാബിൽനിന്നുള്ള കോൺഗ്രസ് എം.പി.മാരും എം.എൽ.എ.മാരും ഉൾപ്പെടെയുള്ളവരാണ് 42 ദിവസമായി ഇവിടെ പ്രക്ഷോഭരംഗത്തുള്ളത്. കേരളത്തിലെ ജനങ്ങളുടെയും കോൺഗ്രസിന്റെയും പൂർണ പിന്തുണ അറിയിക്കാനാണ് താനെത്തിയതെന്ന് ചെന്നിത്തല സമരവേദിയിലുള്ളവരോട് പറഞ്ഞു.

സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇതുവരെ ഫലപ്രദമായ ചർച്ചനടത്തിയില്ല. പ്രധാനമന്ത്രിയുടെ നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. സമരത്തെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.