ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കിസാൻ ട്രാക്ടർ പരേഡുമായി മുന്നോട്ടുപോകാൻ കർഷകസംഘടനകൾ. ഡൽഹിയിലെ ഔട്ടർ റിങ് റോഡിൽ പരേഡ് നടത്താനാണ്‌ തീരുമാനം. ഔദ്യോഗിക ചടങ്ങിനുശേഷം രാജ്പഥിൽ കിസാൻ പരേഡ് നടത്തുമെന്ന് നേരത്തേ ചില കർഷകനേതാക്കൾ പ്രഖ്യാപിച്ചിരുന്നു. സമരം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായിട്ടാണ് തലസ്ഥാനാതിർത്തികളോടു ചേർന്നുള്ള റിങ് റോഡുകളിൽ പരേഡ് നടത്തുന്നത്. കിസാൻ പരേഡിനെതിരേയുള്ള ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കേയാണ് ഈ തീരുമാനം.

ഞായറാഴ്ച ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ കിസാൻ പരേഡിന്റെ റൂട്ടിനും മറ്റും അന്തിമരൂപം നൽകി. രാജ്പഥിൽ നടക്കുന്ന ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരു തടസ്സവുമുണ്ടാക്കില്ലെന്ന് യോഗത്തിനുശേഷം കർഷകനേതാക്കൾ അറിയിച്ചു. ട്രാക്ടറുകളിൽ ദേശീയപതാകയും കർഷകസംഘടനകളുടെ കൊടികളും വഹിക്കും. രാഷ്ട്രീയപ്പാർട്ടികളുടെ കൊടി അനുവദിക്കില്ല. കിസാൻ പരേഡ് സമാധാനപരമായിരിക്കുമെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. രാജ്പഥിലെ റിപ്പബ്ലിക്ദിന പരേഡിന് കർഷകർ തടസ്സമുണ്ടാക്കില്ല.

നേരത്തേ പ്രഖ്യാപിച്ചതനുസരിച്ച് തിങ്കളാഴ്ച മഹിളാ കിസാൻ ദിനമായി കർഷകസംഘടനകൾ ആചരിക്കും. കാർഷികരംഗത്ത് വനിതകൾക്കുള്ള പ്രാധാന്യം ഉയർത്തിക്കാട്ടാനാണിത്. ബ്ലോക്കുതലങ്ങളിൽ പ്രകടനങ്ങൾ നടക്കും. തിങ്കളാഴ്ചത്തെ കർഷകപ്രക്ഷോഭത്തിന്റെ പരിപാടികൾ മുഴുവൻ സ്ത്രീകളുടെ നേതൃത്വത്തിലായിരിക്കും. ശനിയാഴ്ചമുതൽ രാജ്ഭവനുകൾക്കുമുന്നിലും ഉപരോധം നടത്താനാണ്‌ തീരുമാനം.