ഉമരിയ: മധ്യപ്രദേശിലെ ഉമരിയയിൽ 13 വയസ്സുകാരിയെ രണ്ടുതവണ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. പ്രതികളായ ഒമ്പതുപേരിൽ ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

ജനുവരി നാലിനാണ് പെൺകുട്ടിയെ അടുത്തു പരിചയമുള്ളയാളുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞില്ല.

ഈ സംഘത്തിലെ മൂന്നുപേരുൾപ്പെടെ അഞ്ചുപേർ ചേർന്ന് ജനുവരി 11-ന് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയി. അന്നും തൊട്ടടുത്തദിവസവും ബലാത്സംഗം ചെയ്തു. കുട്ടിയെ കാണാഞ്ഞ് ബന്ധുക്കൾ പോലീസിൽ പരാതിനൽകി. ഇവരിൽനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി പറഞ്ഞ കാര്യങ്ങൾവെച്ച് 14-ന് അമ്മ കോട്‌വാലി പോലീസിൽ പരാതികൊടുത്തു. കുട്ടിയുടെ മൊഴിയുമെടുത്തു. ഇതിന്റെയടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഏഴുപേർ പിടിയിലായത്.