മുംബൈ: കാർയാത്രക്കാരനെ അടിക്കുകയും അസഭ്യം പറയുകയും ചെയ്തതിന് പ്രശസ്ത സംവിധായകനും നടനുമായ മഹേഷ് മഞ്ജരേക്കറുടെ പേരിൽ യവത് പോലീസ് കേസെടുത്തു. കൈലാസ് സാട്പുട്ടേ എന്നയാളുടെ പരാതിയിലാണ് കേസ്.

പുണെ-സോളാപ്പുർ ഹൈവേയിൽ വെള്ളിയാഴ്ച രാത്രിയാണ് ഇരുവരും തമ്മിൽ വാക് തർക്കമുണ്ടായത്. മഞ്ജരേക്കറുടെ കാർ പെട്ടെന്ന് നിർത്തിയപ്പോൾ കൈലാസ് സാട്പുട്ടേയുടെ വാഹനം അതിനുപിന്നിൽ ചെന്നിടിച്ചെന്നും തുടർന്നുണ്ടായ വാക് തർക്കത്തിനൊടുവിൽ മർദിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

വണ്ടിക്കുപിന്നിൽ ഇടിച്ച കാറിന്റെ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് മഞ്ജരേക്കർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന് സാരമായി കേടുപാടുപറ്റി. എന്നിട്ടും വണ്ടിയിൽനിന്ന്‌ പുറത്തിറങ്ങാനോ ക്ഷമപറയാനോ അയാൾ തയ്യാറായില്ലെന്നും അതാണ് വാക് തർക്കത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

ഷൂട്ടിങ് സ്ഥലത്ത് പെട്ടെന്ന് എത്തേണ്ടതുള്ളതുകൊണ്ടാണ് പോലീസിൽ പരാതിനൽകാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയപുരസ്കാരജേതാവായ മഞ്ജരേക്കർ ഹിന്ദിയിലും മറാഠിയിലുമായി ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. വാസ്തവ്, അസ്തിത്വ, വിരുദ്ധ്, നാട്‌സാമ്രാട്ട് എന്നിവയാണ് അവയിൽ ശ്രദ്ധേയം.