കൊൽക്കത്ത: വിശ്വഭാരതി കാമ്പസിൽ നൊബേൽ സമ്മാനജേതാവ് അമർത്യാ സെന്നിന്റെ കുടുംബത്തിനുള്ള സ്ഥലം അളന്ന് തർക്കം തീർക്കണമെന്ന് സർവകലാശാലാ അധികൃതർ പശ്ചിമബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടു. സെന്നിന്റെ കുടുംബം സർവകലാശാലാ ഭൂമി കൈയേറിയെന്ന് വൈസ് ചാൻസലർ പ്രൊഫ. വിദ്യുത് ചക്രവർത്തി ആരോപിച്ചിരുന്നു.

ഇത് വിവാദത്തിനും വിമർശനത്തിനും ഇടയാക്കി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഒട്ടേറെ ബുദ്ധിജീവികളും സെന്നിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തി തർക്കത്തിന് ശാശ്വതപരിഹാരം കാണണമെന്ന് സർവകലാശാല പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.