ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിൻ വിതരണവും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതോദ്യോഗസ്ഥരുമായി ചർച്ചനടത്തി. കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി വർധിക്കുകയും ഒട്ടേറെ സംസ്ഥാനങ്ങളിൽ ഓക്സിജനും മരുന്നിനും ക്ഷാമമുണ്ടന്ന പരാതിയുയരുകയുംചെയ്ത സാഹചര്യത്തിലാണ് കൂടിക്കാഴ്ച. രാജ്യത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പി.എം. കെയേർസ് ഫണ്ട് ഉപയോഗിച്ച് 32 സ്ഥലങ്ങളിലായി 162 പ്ലാൻറുകൾ സ്ഥാപിക്കുമെന്ന് മോദി ചർച്ചയിൽ വ്യക്തമാക്കി. റെംഡെസിവർ ഉൾപ്പെടെയുള്ള മരുന്നുകളുടെ ലഭ്യതയും അദ്ദേഹം വിലയിരുത്തി. നേരത്തേ സർക്കാർ ഇടപെടലിനെത്തുടർന്ന് റെംഡെസിവർ മരുന്നിന്റെ വില കമ്പനികൾ കുറച്ചിരുന്നു.