കൊൽക്കത്ത: വയോധികരായവർക്ക് വീട്ടിലിരുന്നുതന്നെ വോട്ടുചെയ്യാനുള്ള സൗകര്യം വേണ്ടെന്നുവെച്ച് ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ. ബൂത്തിലെത്തിത്തന്നെ വോട്ടുചെയ്യാനാണ് തന്റെ തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെയും പാർട്ടി നേതൃത്വത്തെയും അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ആരോഗ്യനില മോശമായതിനെത്തുടർന്ന് 77-കാരനായ ബുദ്ധദേബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സകഴിഞ്ഞ് വീട്ടിലെത്തിയശേഷം ഡോക്ടർമാരുടെ നിർദേശമനുസരിച്ച് അദ്ദേഹം പുറത്തിറങ്ങിയിട്ടില്ല.

ഏപ്രിൽ 26-ന് ഏഴാംഘട്ട വോട്ടെടുപ്പിൽ ബാലിഗഞ്ച് മണ്ഡലത്തിലാണ്‌ ബുദ്ധദേബിന് വോട്ട്. അദ്ദേഹം ബൂത്തിലെത്തുമെന്ന് അറിയിച്ചതോടെ പാർട്ടി നേതാക്കളും ആവേശത്തിലാണ്. ഇടതുമുന്നണി ചെയർമാനായ ബിമൻ ബോസിനോടും തിരഞ്ഞെടുപ്പ് കമ്മിഷൻ താമസസ്ഥലത്തുതന്നെ വോട്ടുചെയ്യാൻ സൗകര്യമൊരുക്കാമെന്ന് അറിയിച്ചെങ്കിലും അദ്ദേഹവും നിരസിച്ചു. 80-കാരനായ ബോസ്‌ ചൗരംഗി മണ്ഡലത്തിലെ ബൂത്തിലെത്തി ഏപ്രിൽ 29-ന് വോട്ടുചെയ്യും.