കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിലേക്ക് നടന്ന അഞ്ചാംഘട്ട വോട്ടെടുപ്പിൽ അങ്ങിങ്ങ്‌ അക്രമം. കമാർഹട്ടിയിൽ ഒരു പോളിങ്‌ ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച മൂന്നുമണിവരെ 69.4 ശതമാനമാണ്‌ പോളിങ്‌. 45 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കല്യാണിയിൽ ബി.ജെ.പി. ബൂത്തുതല ഭാരവാഹിയുടെ വീടിനുനേരെ ബോംബേറുണ്ടായി.

സാൾട്ട് ലേക്കിൽ ബി.ജെ.പി.-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടിയതിനെത്തുടർന്ന് സ്ത്രീകളടക്കം എട്ടുപേർക്ക് പരിക്കേറ്റു. ശാന്തിപ്പുരിൽ സംഘർഷത്തിൽ തൃണമൂൽ പ്രവർത്തകന് തലപൊട്ടി ഗുരുതരമായി പരിക്കേറ്റു. ബിധാൻ നഗറിലും ബടാനഗറിലും ബി.ജെ.പി. സ്ഥാനാർഥികൾ പുറത്തുനിന്നുള്ളവരുമായി എത്തിയെന്നാരോപിച്ച് തൃണമൂൽ പ്രവർത്തകർ തടഞ്ഞതോടെ സംഘർഷമുണ്ടായി. കേന്ദ്രസേനയും പോലീസും എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. നാലാംഘട്ട വോട്ടെടുപ്പിൽ വ്യാപകമായ അക്രമമുണ്ടായ സാഹചര്യത്തിൽ ഇത്തവണ കർശനസുരക്ഷയിലായിരുന്നു പോളിങ്. 853 കന്പനി കേന്ദ്രസേനയെയാണ്‌ തിരഞ്ഞെടുപ്പ്‌ സുരക്ഷയ്ക്കായി സംസ്ഥാനത്ത്‌ വിന്യസിച്ചിരിക്കുന്നത്‌. മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഫോൺ ചോർത്തിയെന്നാരോപിച്ച്‌ തൃണമൂൽ നേതാക്കൾ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‌ പരാതിനൽകി.

ജാംഗിപുർ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ്‌ സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന്‌ മാറ്റിവെച്ചു. ആർ.എസ്‌.പി. സ്ഥാനാർഥിയായ പ്രദീപ്‌ കുമാർ നന്തിയാണ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. ഏപ്രിൽ 26-ന്‌ ഇവിടെ തിരഞ്ഞെടുപ്പ്‌ നടത്തും.