ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് തിരക്കു കൂടിയതോടെ അടുത്തമാസംവരെ 140 പ്രത്യേക തീവണ്ടികൾകൂടി ഓടിക്കുമെന്ന് റെയിൽവേ. ഏപ്രിൽ, മേയ് മാസങ്ങളിലായി 483 ട്രിപ്പുകളാണ് നടത്തുക. സെൻട്രൽ റെയിൽവേ (85), വെസ്റ്റേൺ റെയിൽവേ (28), നോർത്തേൺ റെയിൽവേ (15), ഈസ്റ്റ് -സെൻട്രൽ റെയിൽവേ (രണ്ട്), നോർത്ത് ഈസ്റ്റേൺ റെയിൽവേ (ഒമ്പത്), നോർത്ത് സെൻട്രൽ റെയിൽവേ (ഒന്ന്) എന്നിങ്ങനെയാണ് പ്രത്യേക തീവണ്ടിസർവീസ്.

സാഹചര്യം രൂക്ഷമായതിനുപിന്നാലെ കുടിയേറ്റത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നതിനാൽ മുംബൈയിലും ഡൽഹിയിലുമടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ തിരക്കേറിയതിനുപിന്നാലെയാണ് ഈതീരുമാനം. ഒരു സംസ്ഥാനവും തീവണ്ടിസർവീസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു.

നിരന്തര കോവിഡ് പരിശോധനകൾ വിവിധ സോണുകളിലായി നടന്നുവരുന്നുണ്ട്. സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതി ഐ.ആർ.സി.ടി.സി. വെബ്‌സൈറ്റിൽ നൽകുന്നുണ്ട്. എവിടെയെങ്കിലും നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ടെങ്കിൽ അക്കാര്യവും യാത്രക്കാരെ അറിയിക്കുന്നുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ട്രെയിൻ കോച്ചുകളിൽ 4000 ഏകാന്തവാസ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും റെയിൽവേ ബോർഡ് ചെയർമാൻ അറിയിച്ചു.