ന്യൂഡൽഹി: രാജ്യവ്യാപകമായി കെട്ടിക്കിടക്കുന്ന വണ്ടിച്ചെക്ക് കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് ഇവയുടെ വിചാരണ വേഗത്തിലാക്കാൻ സുപ്രീംകോടതി മാർഗനിർദേശമിറക്കി.

രാജ്യത്ത് ആകെ കെട്ടിക്കിടക്കുന്ന കേസുകളിൽ 30 ശതമാനവും (35 ലക്ഷത്തോളം) ചെക്കുകേസുകളാണ്.

വണ്ടിച്ചെക്ക് കേസുകൾ വേഗത്തിൽ തീർപ്പാക്കാനുള്ള പരിഹാരം നിർദേശിക്കാൻ ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ആർ.സി. ചവാൻ അധ്യക്ഷനായ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. വണ്ടിച്ചെക്ക് കേസുകൾക്കായി അധിക കോടതികൾ സ്ഥാപിക്കണമെന്നും നിർദേശിച്ചിരുന്നു. അതിന്റെ തുടർനടപടിയെന്നോണമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പുതിയ മാർഗരേഖയിറക്കിയത്.

കേസിലെ അമിക്കസ് ക്യൂറിമാരായ സിദ്ധാർഥ്‌ ലൂത്ര, ആർ. ബസന്ത്, കെ. പരമേശ്വർ എന്നിവരുടെ നിർദേശങ്ങൾ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി. കേസ് എട്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

വണ്ടിച്ചെക്ക് കേസുകൾ കോടതിയിലെത്തുംമുൻപ് മധ്യസ്ഥതതലത്തിലുള്ള പരിഹാരമാർഗങ്ങൾ തേടുന്നതിനെക്കുറിച്ച് ഹൈക്കോടതികളോട് സുപ്രീംകോടതി നേരത്തേ അഭിപ്രായം തേടിയിരുന്നു. വണ്ടിച്ചെക്ക് ഉൾപ്പെടെ ഒട്ടേറെ സാമ്പത്തിക കുറ്റങ്ങൾക്ക് ജയിൽശിക്ഷ ഒഴിവാക്കാൻ കേന്ദ്ര ധനമന്ത്രാലയം നിർദേശങ്ങൾ ക്ഷണിച്ചിരുന്നു.

പ്രധാന നിർദേശങ്ങൾ

* കോടതിയുടെ അധികാരപരിധിക്ക് പുറമേയുള്ള സ്ഥലത്തു താമസിക്കുന്ന പ്രതിയെ വിളിച്ചുവരുത്തുന്നതിന് മുൻപ് ക്രിമിനൽ നടപടിച്ചട്ടത്തിലെ 202 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റുമാർ അന്വേഷണം നടത്തണം.

* ഒരേ ഇടപാടുമായി ബന്ധപ്പെട്ട് ഒന്നിലേറെ കേസുകളുണ്ടെങ്കിൽ അവയുടെ വിചാരണ ഒന്നിച്ചാക്കാൻ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് നിയമത്തിൽ ഭേദഗതി വരുത്താം. അതുപോലെ, ഒരേ ഇടപാടുമായി ബന്ധപ്പെട്ട പരാതികളിലെ പ്രതികൾക്ക് സമൻസ് ഒരുമിച്ചയക്കുന്നത് സംബന്ധിച്ച് മജിസ്‌ട്രേറ്റുമാർക്ക് ഹൈക്കോടതികൾ നിർദേശം നൽകണം.

* സമൻസ് പിൻവലിക്കാനോ പുനഃപരിശോധിക്കാനോ മജിസ്‌ട്രേറ്റുമാർക്ക് അധികാരമില്ല. അതിനായി നിയമഭേദഗതി ആവാം.