ന്യൂഡൽഹി: രാജ്യത്തെ 14 ട്രിബ്യൂണലുകളിലെ നിയമനത്തിനുള്ള ചട്ടങ്ങൾ, കേന്ദ്രസർക്കാർ വ്യാഴാഴ്ച വിജ്ഞാപനംചെയ്തു.

ട്രിബ്യൂണൽ ചെയർപേഴ്സൺമാരുടെയും ജുഡീഷ്യൽ, സാങ്കേതിക അംഗങ്ങളുടെയും നിയമനങ്ങൾ സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കുന്ന ചട്ടങ്ങളാണ് വിജ്ഞാപനംചെയ്തിരിക്കുന്നത്. മിക്ക ട്രിബ്യൂണലുകളിലും അധ്യക്ഷരായി ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാരോ വിരമിച്ച ജഡ്ജിമാരോ വേണമെന്നാണ് ചട്ടം.

ട്രിബ്യൂണലുകളിലെ നിയമനം വൈകുന്നതിനെച്ചൊല്ലി സുപ്രീംകോടതി കേന്ദ്രസർക്കാരിനുനേരെ തുടർച്ചയായി നിശിതവിമർശം നടത്തിവരുകയായിരുന്നു. രാജ്യത്തെ ട്രിബ്യൂണലുകളിൽ ഒഴിവുള്ള അംഗങ്ങളെ രണ്ടാഴ്ചയ്ക്കകം നിയമിക്കണമെന്ന് കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ജഡ്ജിമാർ നേതൃത്വം നൽകുന്ന തിരഞ്ഞെടുപ്പുസമിതികളുടെ ശുപാർശകൾ അവഗണിച്ച് കേന്ദ്രസർക്കാർ തന്നിഷ്ടപ്രകാരം നിയമനം നൽകുകയാണെന്നും കുറ്റപ്പെടുത്തി.