ന്യൂഡൽഹി: നാഷണൽ കാഡറ്റ് കോറിന്റെ (എൻ.സി.സി.) പരിഷ്‌കരണത്തിന് പ്രതിരോധ മന്ത്രാലയം ഉന്നതതല വിദഗ്ധ സമിതിക്ക് രൂപം നൽകി. കാലഘട്ടത്തിന് അനുസൃതമായി വിദ്യാർഥിസേനയെ മാറ്റുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ മുൻ പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സമിതിയോട് ആവശ്യപ്പെട്ടു.

ദേശീയ വികസനത്തിനായി കാഡറ്റുകളെ ശാക്തീകരിക്കുകയാണ് ഉദ്ദേശ്യം. ഇതിനായി മുൻ എൻ.സി.സി. കാഡറ്റുകളുടെ സേവനവും ഉപയോഗപ്പെടുത്തും. അന്താരാഷ്ട്രതലത്തിൽ സമാനരീതിയിൽ പ്രവർത്തിക്കുന്ന യുവജന സംഘടനകളുടെ മികച്ച മാതൃകകൾ പഠിച്ച് അനുയോജ്യമായവ എൻ.സി.സി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും സമിതിയോട് നിർദേശിച്ചിട്ടുണ്ട്.

എം.പി.മാരായ രാജ്യവർധൻ സിങ് റാത്തോഡ്, വിനയ് സഹസ്രബുദ്ധെ, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര, മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി, ധനമന്ത്രാലയത്തിലെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൾ, പ്രൊഫ. നജ്മ അക്തർ, പ്രൊഫ. വസുധ കമ്മത്ത്, ഭാരതീയ ശിക്ഷൻ മണ്ഡൽ ദേശീയ ഓർഗനൈസിങ് സെക്രട്ടറി മുകുൾ കണിത്കർ, റിട്ട. മേജർ ജനറൽ അലോക് രാജ, മിലിന്ദ് കാംബ്ലെ, റിതുരാജ് സിംഹ, വേദിക ഭണ്ഡാർക്കർ, ഡേറ്റ ബുക്ക് സി.ഇ.ഒ. ആനന്ദ് ഷാ, മായങ്ക് തിവാരി എന്നിവരാണ് അംഗങ്ങൾ.