ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ ആറുമാസത്തിനിടെ അതിർത്തിലംഘനം ഉണ്ടായിട്ടില്ലെന്ന കേന്ദ്രസർക്കാരിന്റെ രാജ്യസഭയിലെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ്. ഗാൽവാൻ താഴ്‌വരയിൽ ജൂൺ 15-ന് വീരമൃത്യുവരിച്ച ധീരജവാന്മാരെ അവഹേളിക്കുന്നതാണിതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഇന്ത്യൻ സൈന്യത്തിനൊപ്പമോ അതോ ചൈനയ്ക്കൊപ്പമോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും രാഹുൽ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

“കാലഗണന മനസ്സിലാക്കുക. അതിർത്തി ആരും കടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നിട്ട് ചൈന കേന്ദ്രമായ ബാങ്കിൽനിന്ന് വൻതുക വായ്പയെടുത്തു. ചൈന നമ്മുടെ സ്ഥലം പിടിച്ചെടുത്തുവെന്ന് പിന്നീട് പ്രതിരോധ മന്ത്രി പറഞ്ഞു. ഒരു നുഴഞ്ഞുകയറ്റവും ഇല്ലെന്ന് ഇപ്പോൾ ആഭ്യന്തരസഹമന്ത്രി പറയുന്നു. മോദിസർക്കാർ ഇന്ത്യൻ സൈന്യത്തിനൊപ്പമാണോ അതോ ചൈനയ്ക്കൊപ്പമോ. മോദിജി, എന്തിനാണിങ്ങനെ ഭയപ്പെടുന്നത്’’ -രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു.

ഇന്ത്യ-ചൈന അതിർത്തിയിൽ നുഴഞ്ഞുകയറ്റമൊന്നും നടന്നിട്ടില്ലെന്ന പ്രസ്താവനയോടെ കേന്ദ്രസർക്കാർ ചൈനയ്ക്ക് വീണ്ടും ശുദ്ധിപത്രം നൽകിയിരിക്കയാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പത്രസമ്മേളനത്തിൽ പറഞ്ഞു.