ബെംഗളൂരു: കർണാടകത്തിൽ ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയ്ക്കും ഭക്ഷ്യ- പൊതുവിതരണ മന്ത്രി ഗോപാലയ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. വീട്ടിലെ ജോലിക്കാരന് കോവിഡ് ബാധിച്ചതിനെത്തുടർന്നാണ് ആഭ്യന്തരമന്ത്രി പരിശോധനയ്ക്ക് വിധേയനായത്. തുടർന്ന് കോവിഡ് സ്ഥിരീകരിച്ചു. ‘ട്വിറ്ററി’ലൂടെ മന്ത്രിതന്നെയാണ് വിവരം അറിയിച്ചത്. 60-കാരനായ ആഭ്യന്തരമന്ത്രിക്ക് കാര്യമായ രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. താനുമായി ഏതെങ്കിലുംതരത്തിൽ സമ്പർക്കത്തിൽവന്നവർ കോവിഡ് പരിശോധന നടത്തണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാത്രിയാണ് ഭക്ഷ്യ-പൊതുവിതരണ മന്ത്രി കെ. ഗോപാലയ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളില്ലെങ്കിലും ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് അദ്ദേഹം.
കർണാടക മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 12 ആയി. മുഖ്യമന്ത്രിക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.