മൈസൂരു: തമിഴ്‌നാട്ടിലെ മസിനഗുഡിയിൽനിന്ന് പിടികൂടിയ നരഭോജിക്കടുവയെ മൈസൂരു മൃഗശാലയിൽ എത്തിച്ചു. മുഖത്ത് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയ്ക്കുവേണ്ടിയാണ് മൈസൂരുവിൽ കൊണ്ടുവന്നത്. പഴകിയ മുറിവാണ് കടുവയുടെ മുഖത്തുള്ളത്. മുറിവ് ചികിത്സിച്ച് ഭേദമാക്കിയശേഷമേ കടുവയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയുള്ളൂ. ചികിത്സയ്ക്കുശേഷം കടുവയെ ഏതാനുംദിവസം നിരീക്ഷണത്തിൽ വെക്കുകയും ചെയ്യും.

മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കടുവയെ കാണാൻ സാധിക്കില്ല. കഴിഞ്ഞ രണ്ടുമാസത്തിനിടെ നാലുമനുഷ്യരെയും ഇരുപതിലധികം കന്നുകാലികളെയും കൊന്ന കടുവയാണിത്. ഇരുപതിലധികം ദിവസമായി വനംവകുപ്പ് നടത്തിവന്ന തിരച്ചിലിനൊടുവിലാണ് ടി23 എന്ന് പേരുനൽകിയ കടുവയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് മയക്കുവെടിവെച്ച് പിടികൂടിയത്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ മസിനഗുഡി, ശ്രീമധുര, ദേവർഷോല എന്നീ പഞ്ചായത്തുകളിലെ വനത്തോടുചേർന്ന ഗ്രാമങ്ങളിലാണ് കടുവ കഴിഞ്ഞിരുന്നത്.