ചെന്നൈ: കണ്ണീരണിഞ്ഞ് ശശികല, ത്യാഗത്തലൈവി ചിന്നമ്മ വാഴ്‌കയെന്ന മുദ്രാവാക്യം മുഴക്കി അണികൾ; മറീന കടൽക്കരയിലെ ജയലളിത സമാധിയിൽ ശനിയാഴ്ച അരങ്ങേറിയത് വൈകാരികരംഗങ്ങൾ. പരാജയത്തിൽനിന്ന് പരാജയത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന എ.ഐ.എ.ഡി.എം.കെ.യെ രക്ഷിക്കുമെന്ന പ്രതിജ്ഞയുടെ ഭാഗമായിട്ടാണ് ശശികലയുടെ സമാധിസന്ദർശനം. അമ്മയുടെ (ജയലളിത) മുന്നിൽ തന്റെ മനസ്സിന്റെ ഭാരമെല്ലാം ഇറക്കിവെച്ചുവെന്നും തലൈവരും (എം.ജി.ആർ.) അമ്മയും പാർട്ടിയെയും പ്രവർത്തകരെയും കാത്തുകൊള്ളുമെന്നും സന്ദർശനത്തിനുശേഷം ശശികല പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിനുപിന്നാലെ തമിഴ്‌നാട് തദ്ദേശതിരഞ്ഞെടുപ്പിലും എ.ഐ.എ.ഡി.എം.കെ. വൻ തിരിച്ചടി നേരിട്ടതിന്റെയും പാർട്ടിയുടെ സുവർണജൂബിലി ആഘോഷങ്ങൾ തുടങ്ങുന്നതിന്റെയും പശ്ചാത്തലത്തിലാണ് ശശികലയുടെ സമാധിസന്ദർശനം. സംസ്ഥാനത്തെങ്ങുമുള്ള പ്രവർത്തകരെ നേരിൽക്കാണുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ സംസ്ഥാനപര്യടനത്തിന്റെ തീയതി അറിയിച്ചില്ല. എ.ഐ.എ.ഡി.എം.കെ.യുടെ കൊടിവച്ച കാറിലാണ് ടി നഗറിലുള്ള വീട്ടിൽനിന്ന് ശശികല പുറപ്പെട്ടത്. മുമ്പ് ജയലളിത ഉപയോഗിച്ചിരുന്നതും ഈ കാറാണ്. ടി നഗറിലെ ശ്രീനിവാസപെരുമാൾ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷമാണ് മറീനയിലേക്ക് തിരിച്ചത്.

ശശികലയുടെ സന്ദർശനം പ്രമാണിച്ച് സമാധി, പൂക്കളാൽ അലങ്കരിച്ചിരുന്നു. മുദ്രാവാക്യങ്ങളുമായി ശശികലയെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകർ തടിച്ചുകൂടി. ജയലളിതസമാധിയിൽ പുഷ്പങ്ങൾ അർപ്പിച്ചതിനുശേഷം പത്തുമിനിറ്റോളം മൗനമായി ധ്യാനിച്ച ശശികല നിറകണ്ണുകളോടെയാണ് മടങ്ങിയത്. എം.ജി.ആറിന്റെയും അണ്ണാദുരൈയുടെയും സമാധികളും സന്ദർശിച്ചു.

ശശികലയുടെ സമാധിസന്ദർശനം വെറും നാടകമാണെന്നാണ് എ.ഐ.എ.ഡി.എം.കെ. നേതൃത്വത്തിന്റെ പ്രതികരണം. മികച്ച അഭിനയത്തിനുള്ള പുരസ്കാരം ശശികലയ്ക്ക് ലഭിക്കുമെന്ന് മുതിർന്ന എ.ഐ.എ.ഡി.എം.കെ. നേതാവ് ഡി. ജയകുമാർ പറഞ്ഞു. അനധികൃതസ്വത്തുകേസിൽ മോചിപ്പിക്കപ്പെട്ടതിനുശേഷം ഇതുവരെ സമാധി സന്ദർശിക്കാത്തതിനെയും വിമർശിച്ചു. എന്നാൽ, ജീവിതത്തിന്റെ പകുതിയും ജയലളിതയ്ക്കൊപ്പം കഴിഞ്ഞയാളാണ് താനെന്നും സമാധി സന്ദർശിക്കാൻ വൈകിയതിന്റെ കാരണം പ്രവർത്തകർക്ക് അറിയാമെന്നും ശശികല പ്രതികരിച്ചു.

പാർട്ടി തകരുമ്പോൾ കണ്ടുനിൽക്കാൻ സാധിക്കില്ലെന്നുപറഞ്ഞാണ് ശശികല എ.ഐ.എ.ഡി.എം.കെ.യിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നത്. പനീർശെൽവം പക്ഷം ശശികലയ്ക്കെതിരേയുള്ള നിലപാട് മയപ്പെടുത്തിയിട്ടുണ്ടെങ്കിലും തിരിച്ചെടുക്കില്ലെന്ന നിലപാടിൽ എടപ്പാടി പളനിസ്വാമി പക്ഷം ഉറച്ചുനിൽക്കുകയാണ്.