ചെന്നൈ: തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്ത മഴ. മധുരയിൽ ചിറുവാഴെയിലെ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. നദിയിൽ പെട്ടെന്ന് വെള്ളം കയറിയതോടെയാണ് കുട്ടികൾ മുങ്ങിപ്പോയതെന്ന് പോലീസ് പറഞ്ഞു.

കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തേനി, മധുര തുടങ്ങിയ ജില്ലകളിൽ കനത്ത മഴ പെയ്തതിനാൽ നദികൾ നിറഞ്ഞുകവിഞ്ഞു. കന്യാകുമാരി ജില്ലയിലെ എല്ലാ പുഴകളും കവിഞ്ഞൊഴുകുന്നതിനാൽ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കനത്ത മഴയെത്തുടർന്ന് തിരുനെൽവേലിയിൽ തിക്കുറൻകുടി മലൈനമ്പി ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളിൽ രാവിലെ പതിനൊന്നോടെ വെള്ളം കയറി. ക്ഷേത്രത്തിലേക്കുള്ള തറപ്പാലം വെള്ളത്തിൽ മുങ്ങി. ക്ഷേത്രത്തിൽ കുടുങ്ങിയ നൂറോളംപേരെ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷിച്ചു. തെങ്കാശി ജില്ലയിൽ കനത്ത മഴയെത്തുടർന്ന് കുറ്റാലം നദിയും കൈവഴികളും നിറഞ്ഞൊഴുകി. ദിണ്ടിഗൽ, തേനി, നീലഗിരി, സേലം, പുതുക്കോട്ട, ശിവഗംഗ, തിരുവാരൂർ, തഞ്ചാവൂർ, കടലൂർ എന്നീ ജില്ലകളിലും മഴ പെയ്തു.