ബെംഗളൂരു: കർണാടകത്തിൽ കോവിഡ് കേസുകൾ കുറഞ്ഞതിനാൽ നിയന്ത്രണങ്ങളിൽ ഇളവേർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തുന്ന കാര്യം വിദഗ്ധരുടെ അഭിപ്രായം തേടിയശേഷം രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലുള്ള നിയന്ത്രണങ്ങളും സംസ്ഥാനത്തെ രാത്രി കർഫ്യൂവും ഒഴിവാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

കേരളത്തിൽ നിന്നുവരുന്നവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഒഴിവാക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ കേരളത്തിൽനിന്നു വരുമ്പോൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ രേഖയുണ്ടെങ്കിലും ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയിലേറെയായി 500-ൽ താഴെയാണ് പ്രതിദിന കോവിഡ് രോഗികൾ. ബെംഗളൂരുവിൽ 300-ൽ താഴെ കോവിഡ് രോഗികളാണുള്ളത്. ചികിത്സയിലുള്ള രോഗികളുടെ എണ്ണവും പതിനായിരത്തിൽ താഴെയായി. മേയിൽ സംസ്ഥാനത്ത് പ്രതിദിനം അമ്പതിനായിരത്തിനടുത്ത് കോവിഡ് രോഗികളാണുണ്ടായിരുന്നത്. ഈ സമയത്ത് ചികിത്സയിലുള്ളവർ ആറു ലക്ഷത്തിനു മുകളിലായിരുന്നു. അഞ്ചുമാസം കൊണ്ടാണ് പ്രതിദിന രോഗികൾ 500-ൽ താഴെയായത്.