ചെന്നൈ: ഐ.പി.എൽ. വിജയത്തിന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോനിയെ അഭിനന്ദിച്ച് പുലിവാലുപിടിച്ച് നടൻ ധനുഷ്. ധോനിയെ ‘ഒരേയൊരു തല’ എന്നു വിശേഷിപ്പിച്ചത് പിടിക്കാതിരുന്ന ‘തല’ അജിത്ത് ആരാധകർ ധനുഷിനെ സാമൂഹികമാധ്യമങ്ങളിൽ പൊങ്കാലയിട്ടു.

നടൻ അജിത്തിനെ ‘തല’ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. ചെന്നൈ ക്യാപ്റ്റൻ ധോനിയും ക്രിക്കറ്റ് ആരാധകർക്ക് ‘തല’യാണ്. രണ്ടു ‘തലകൾ’ ഉള്ളപ്പോൾ ‘ഒരേയൊരു തല’ എന്ന്‌ ധനുഷ് ധോനിയെ വിശേഷിപ്പിച്ചത് ശരിയായില്ലെന്നാണ് അജിത്ത് ആരാധകരുടെ വാദം. പ്രകോപിതരായ അജിത്ത് ആരാധകർ ധനുഷിനെതിരായി ട്വിറ്ററിൽ ഹാഷ്ടാഗുകൾ പ്രചരിപ്പിച്ചു. ഒന്നരലക്ഷത്തിലേറെ ട്വീറ്റുകളുമായി ഇതു ട്രെൻഡിങ്ങിൽ ഒന്നാമതെത്തുകയും ചെയ്തു.

‘തല ധോനി’ എന്ന ഹാഷ്‌ടാഗിൽ ഐ.പി.എൽ. കാണുന്ന ചിത്രം പങ്കുവെച്ച നടൻ ചിലമ്പരശനുനേരെയും അജിത്ത് രസികർകളുടെ പരാക്രമം നീണ്ടു. ഇതിനിടെ, അജിത്ത് ആരാധകർക്കു മറുപടിയുമായി ധനുഷിന്റെയും ചിമ്പുവിന്റെയും ആരാധകരും രംഗത്തെത്തി. അതോടെ ആകെ കൂട്ടയടിയായി. താരങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ചും ശരീരഘടനയുടെ പേരിൽ ആക്ഷേപിച്ചുമൊക്കെയായിരുന്നു ആരാധകരുടെ യുദ്ധം.