മുംബൈ: ഒക്ടോബർ 17മുതൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ പി.വി.ആർ. സിനിമാസ് ഒരുങ്ങുന്നു. രാജ്യത്ത് 35 നഗരങ്ങളിലായി 75-ഓളം തിയേറ്ററുകളിൽ മത്സരങ്ങൾ ലൈവായി പ്രദർശിപ്പിക്കും. ഇതിനുള്ള കരാർ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലുമായി ഒപ്പിട്ടതായി പി.വി.ആർ. സിനിമാസ് വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യൻ മത്സരങ്ങൾക്കുപുറമേ രണ്ട് സെമിഫൈനൽ മത്സരങ്ങളും ഫൈനൽ മത്സരവും തിയേറ്ററിലിരുന്ന് കാണാൻ സാധിക്കും. കോവിഡ് കാരണം ചില സംസ്ഥാനങ്ങളിൽ തിയേറ്ററുകളുടെ പ്രവർത്തനത്തിന് നിയന്ത്രണങ്ങളുണ്ട്. എന്നാൽ, തെലങ്കാന, രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ 100 ശതമാനം സീറ്റുകളിലും ടിക്കറ്റ് വിൽക്കാം. ഇതാണ് തിയേറ്ററുകളിൽ മത്സരം കാണിക്കാനുള്ള കാരണം.

ആവേശമേറിയ മത്സരങ്ങളിലൂടെ കാഴ്ചക്കാരെ തിയേറ്ററുകളിലേക്കെത്തിക്കുകയെന്നതാണ് ലക്ഷ്യം. സിനിമ കാണുന്നതുപോലെ ക്രിക്കറ്റും തിയേറ്ററുകളിൽ ആസ്വദിക്കാൻ കഴിയുമെന്നാണ് പി.വി.ആർ. വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

മൾട്ടിപ്ലക്സ് തിയേറ്ററുകളുടെ കമ്പനിയായ ഐനോക്സും ലോകകപ്പ് ഇന്ത്യാ മത്സരങ്ങൾ തങ്ങളുടെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിൽ ഒക്ടോബർ 22 മുതലാണ് തിയേറ്ററുകൾ തുറക്കുന്നത്.