ന്യൂഡൽഹി: കോവിഡ് രോഗികളുടെ മൃതദേഹം നദികളിൽ തള്ളുന്നതും തീരങ്ങളിൽ സംസ്കരിക്കുന്നതും തടയണമെന്ന് കേന്ദ്രം. മൃതദേഹം മാന്യമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര ജലശക്തി മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നദികളിലെ ജലത്തിന്റെ നിലവാരം സംരക്ഷിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യണമെന്നും സംസ്ഥാനങ്ങൾക്കയച്ച കത്തിൽ നിർദേശമുണ്ട്.

ബിഹാറിലും ഉത്തർപ്രദേശിലും ഗംഗാനദിയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങൾ ഒഴുകിവന്നതിന്റെ പശ്ചാത്തലത്തിലാണ് കത്ത്. സംഭവം വിവാദമായതോടെ കേന്ദ്ര ജലശക്തിമന്ത്രാലയം സെക്രട്ടറി പങ്കജ് കുമാർ ഉന്നതതലയോഗം വിളിച്ചു. ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണവും കൂടിയിട്ടുണ്ട്. പകുതി കരിഞ്ഞതും പകുതി അഴുകിയതും അല്ലാത്തതുമായ മൃതദേഹങ്ങൾ ഗംഗയിലും അതിന്റെ കൈവഴികളിലും ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഇക്കാര്യത്തിൽ അടിയന്തരനടപടി വേണം -ജലശക്തിമന്ത്രാലയം സെക്രട്ടറി പറഞ്ഞു.

ഉത്തർപ്രദേശിലെ ഉന്നാവ്, കാൺപുർ റൂറൽ, ഘാസിപ്പുർ, ബലിയ, ബിഹാറിലെ ബക്സർ, സരൺ എന്നീ ജില്ലകളിലാണ് പ്രധാനമായും സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗാ പദ്ധതിയുടെ ഡയറക്ടർ ജനറൽ രാജീവ് രഞ്ജൻ മിശ്ര പറഞ്ഞു. ഉത്തർപ്രദേശിനെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രജനീഷ് ദുബെ, ജൽശക്തിമന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറി അനുരാഗ് ശ്രീവാസ്തവ എന്നിവർ പങ്കെടുത്തു.

ഗംഗയുടെ ജലനിലവാരം നിരന്തരം പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്ര ജലകമ്മിഷൻ ചെയർമാൻ ഹാൽദർ പറഞ്ഞു. ഒഴുക്കും ജലനിലവാരവും പരിശോധനയിലുണ്ട്. സംസ്ഥാനങ്ങളിൽനിന്ന് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചശേഷം കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും തുടർ നിർദേശങ്ങൾ നൽകും.