മുംബൈ: ലോകപ്രശസ്ത ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ പ്രൊഫ. എം.എസ്. നരസിംഹൻ (89) അന്തരിച്ചു. ഗണിതശാസ്ത്രത്തിലെ നരസിംഹൻ-ശേഷാദ്രി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഇദ്ദേഹം ശാസ്ത്രത്തിനുള്ള കിങ് ഫൈസൽ അന്താരാഷ്ട്ര പുരസ്കാരം നേടിയ ഏക ഇന്ത്യക്കാരനാണ്.

ശാന്തിസ്വരൂപ് ഭട്‌നാഗർ പുരസ്കാരവും പത്മഭൂഷൺ ബഹുമതിയും നേടിയിട്ടുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിയിൽ ജനിച്ച നരസിംഹൻ ചെന്നൈ ലയോള കോളേജിലും ബോംബെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലും മുംബൈ യൂണിവേഴ്‌സിറ്റിയിലുമാണ് പഠിച്ചത്. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലും ട്രീസ്റ്റേയിലെ ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ ഫിസിക്സിലും അധ്യാപകനായിരുന്നു. ലണ്ടൻ റോയൽ സൊസൈറ്റിയുടെ വിശിഷ്ടാംഗവുമായിരുന്നു.

കലനവും ബീജഗണിതവും ഉപയോഗിച്ച് ജ്യാമിതിയിലെ പ്രശ്നങ്ങൾ വിശകലനംചെയ്ത നരസിംഹനെ ശ്രീനിവാസ രാമാനുജനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞരിൽ ഒരാളായാണ് പരിഗണിക്കുന്നത്. സി.എസ്. ശേഷാദ്രിയുമായി ചേർന്ന് അദ്ദേഹം അവതരിപ്പിച്ച നരസിംഹൻ-ശേഷാദ്രി സിദ്ധാന്തത്തിന് ആധുനിക ജ്യാമിതിയിൽ സുപ്രധാന സ്ഥാനമുണ്ട്. പ്രൊഫ. നരസിംഹന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.