മൈസൂരു: അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടേ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്തമഴയിൽ കർണാടകത്തിൽ ശനിയാഴ്ച നാലുപേർ മരിച്ചു. മൂന്ന്‌ തീരദേശജില്ലകൾ ഉൾപ്പെടെ ആറുജില്ലകളിൽ അതിശക്തമായ മഴയും കാറ്റുമാണുണ്ടായത്. ഉത്തര കന്നഡ, ഉഡുപ്പി, ശിവമോഗ, ചിക്കമഗളൂരു എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ശിവമോഗയിൽ മിന്നലേറ്റും ഉഡുപ്പിയിൽ വൈദ്യുതാഘാതമേറ്റുമാണ് മരണം. ചിക്കമഗളൂരുവിൽ വീട് തകർന്നാണ് മരണം. മത്സ്യത്തൊഴിലാളിയാണ് ഉത്തര കന്നഡയിൽ മരിച്ചത്. ആറ്‌ ജില്ലകളിലായി 73 ഗ്രാമങ്ങളെ മഴക്കെടുതി ബാധിച്ചു. 112 വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഒട്ടേറെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു. തീരദേശജില്ലകളിൽ 11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഉത്തര കന്നഡ, ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ അഞ്ചുവീതവും ഉഡുപ്പിയിൽ ഒരു ക്യാമ്പുമാണ് ആരംഭിച്ചത്. 318 പേരെ മാറ്റിപ്പാർപ്പിച്ചു. ഇവരിൽ 298 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. കുടക്, ശിവമോഗ, ചിക്കമഗളൂരു എന്നിവയാണ് മഴക്കെടുതിയുണ്ടായ മലയോരജില്ലകൾ.

10,000 പേർക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ ക്യാമ്പുകളിലുണ്ടെന്ന് റവന്യുമന്ത്രി ആർ. അശോക പറഞ്ഞു. പ്രതിരോധനടപടികൾക്കായി ജില്ലാ ഭരണകൂടങ്ങൾക്കുവേണ്ടി 95 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉഡുപ്പി (23 കോടി), ഉത്തര കന്നഡ (60 കോടി), ദക്ഷിണ കന്നഡ (12 കോടി) എന്നിങ്ങനെയാണ് അനുവദിച്ച തുകയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വൈസ് ചെയർമാൻകൂടിയായ അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്.), സംസ്ഥാന ദുരന്തനിവാരണ സേന (എസ്.ഡി.ആർ.എഫ്.) എന്നിവയെ സജ്ജമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ രൂക്ഷമാവുകയാണെങ്കിൽ രക്ഷാപ്രവർത്തനത്തിനായി വിമുക്തഭടൻമാരെ രംഗത്തിറക്കാനും സർക്കാരിന് ആലോചനയുണ്ട്. പോലീസ്, അഗ്നിരക്ഷാസേന, തീരദേശ പോലീസ്, ഹോംഗാർഡ്, എസ്.ഡി.ആർ.എഫ്. എന്നിവയിൽനിന്നുള്ള 1,000-ത്തോളം പേരെ മൂന്നു തീരദേശജില്ലകളിൽ വിന്യസിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ബവസരാജ ബൊമ്മയ്യ പറഞ്ഞു.