പുണെ: വെല്ലുവിളികളെ നേരിടാൻ ചങ്കൂറ്റമുള്ള ശക്തനായ ഒരു നേതാവിനെയാണ് രാജീവ് സാതവിന്റെ മരണത്തോടെ കോൺഗ്രസിന് നഷ്ടമായത്. മികച്ച സാമാജികനും നേതൃപാടവവുമുള്ള നേതാവുമായിരുന്നു സാതവ്.

ചെറുപ്രായത്തിൽത്തന്നെ കോൺഗ്രസിൽ അനിഷേധ്യനേതാവായി വളരാൻ സാതവിനു കഴിഞ്ഞു. 2014-ൽ ഹിഗോളിയിൽനിന്ന് ലോക്‌സഭയിലെത്തിയ സാതവ് പാർലമെന്റ് അംഗമെന്ന നിലയിൽ മികച്ചപ്രവർത്തനമാണ് കാഴ്ചവെച്ചത്. ലോക്‌സഭയിൽ 81 ശതമാനം ഹാജരുണ്ടായിരുന്ന സാതവ്, 205 ചർച്ചകളിൽ പങ്കെടുത്ത് 1075 ചോദ്യങ്ങളുന്നയിച്ചിരുന്നു .

2009-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 20 വർഷമായി ശിവസേന കൈവശംവെച്ചിരുന്ന മാറാത്ത്‌വാഡ മേഖലയിലെ കലാംനൂരി മണ്ഡലത്തിൽ നിന്ന് സാതവ് തിരഞ്ഞെടുക്കപ്പെട്ടു. സാതവിന്റെ വ്യക്തിപ്രഭാവംകൊണ്ട് മാത്രമാണ് ഈ സീറ്റ് നേടാനായത്. 2017-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.സി.സി. സെക്രട്ടറി എന്ന നിലയിൽ സാതവിന് ചുമതലയുണ്ടായിരുന്ന സൗരാഷ്ട്ര മേഖലയിലാണ് കോൺഗ്രസ് കൂടുതൽ സീറ്റുകൾ നേടിയത്. അത് അദ്ദേഹത്തിന്റെ പ്രവർത്തനമികവുകൊണ്ടായിരുന്നു. ബാല സാഹേബ് തോറാട്ട് മന്ത്രിയായശേഷം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് സ്ഥാനത്തേക്ക് രാജീവ് സാതവിന്റെ പേര് സജീവപരിഗണനയിലുണ്ടായിരുന്നു.