ന്യൂഡൽഹി: സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും ജഡ്ജിമാരുടെ ഒഴിവുകൾ നികത്താനായി സർക്കാർ കൊളീജിയത്തിന്റെ ശുപാർശയ്ക്ക് കാത്തിരിക്കുന്നു. സുപ്രീംകോടതിയിൽ ഏഴ് ജഡ്ജിമാരുടെ ഒഴിവുകളുണ്ട്. രണ്ട് ഹൈക്കോടതികൾ ആക്ടിങ് ചീഫ് ജസ്റ്റിസുമാരെ വെച്ചാണ് പ്രവർത്തിക്കുന്നത്.

2019 നവംബറിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിച്ചതോടെയാണ് സുപ്രീംകോടതിയിലെ ആദ്യ ഒഴിവുണ്ടായത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ആർ. ഭാനുമതി, അരുൺ മിശ്ര, ഇന്ദു മൽഹോത്ര, എസ്.എ. ബോബ്‌ഡെ എന്നിവരും വിരമിച്ചു. ഏപ്രിലിൽ സിറ്റിങ് ജസ്റ്റിസ് മോഹൻ എം. ശാന്തന ഗൗഡർ അന്തരിച്ചു. 34 ജഡ്ജിമാർ വേണ്ട സുപ്രീംകോടതിയിൽ ഇപ്പോൾ 27 പേരാണുള്ളത്.

അലഹാബാദ്, കൽക്കട്ട ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസുമാരില്ല. ഇവിടെ ആക്ടിങ് ചീഫ് ജസ്റ്റിസുമാർക്കുകീഴിലാണ് കോടതി പ്രവർത്തിക്കുന്നത്. ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഈമാസം അവസാനവും ഹിമാചൽപ്രദേശ് ചീഫ് ജസ്റ്റിസ് ജൂണിലും വിരമിക്കും.

രാജ്യത്തെ 25 ഹൈക്കോടതികളിലായി 1080 ജഡ്ജിമാർ ആവശ്യമുള്ളിടത്ത് 660 പേർ മാത്രമാണുള്ളത്. അതായത്, 420 ജഡ്ജിമാരുടെ ഒഴിവുകളുണ്ട്. സുപ്രീംകോടതി കൊളിജീയം ശുപാർശ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ജുഡീഷ്യറിയിലേക്ക് സർക്കാർ നിയമനം നടത്തുന്നത്.