മുംബൈ: നഗരത്തിലെ പ്രമുഖ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാർക്ക് കോവിഡ് പ്രതിരോധകുത്തിവെപ്പ്‌ നൽകിയതിൽ തട്ടിപ്പ്‌ നടന്നെന്ന പരാതിയെപ്പറ്റി മുംബൈ പോലീസ് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാന്തിവലിയിലെ ഹിരാനന്ദാനി എസ്റ്റേറ്റ് ഹൗസിങ് സൊസൈറ്റിയിൽ മേയ് 30-നു നടന്ന വാക്സിനേഷൻ ക്യാമ്പിൽ പങ്കെടുത്തവരാണ് തങ്ങൾക്കു ലഭിച്ചത് യഥാർഥ വാക്സിൻതന്നെയാണോ എന്ന സംശയവുമായി രംഗത്തുവന്നിരിക്കുന്നത്. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റുകൾ കണ്ടതും കുത്തിവെപ്പെടുത്ത ആർക്കും പാർശ്വഫലങ്ങളൊന്നും കാണാത്തതുമാണ് സംശയത്തിന് കാരണം. ഹൗസിങ് സൊസൈറ്റി അംഗങ്ങളുടെ പരാതിയിൽ കാന്തിവലി പോലീസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

നഗരത്തിലെ ഹൗസിങ് സൊസൈറ്റികൾക്ക് സ്വന്തം നിലയ്ക്ക് വാക്സിനേഷൻ ക്യാമ്പുകൾ നടത്താൻ സംസ്ഥാനസർക്കാർ അനുമതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടുപേർ സൊസൈറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ടത്. അന്ധേരിയിലെ കോകിലാബെൻ ധീരുഭായി അംബാനി ആശുപത്രിയുടെ സഹായത്തോടെയാണ് ക്യാമ്പ് നടത്തുകയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട്‌ ലഭിച്ച വാക്സിനേഷൻസർട്ടിഫിക്കറ്റിൽ നാനാവതി മാക്‌സ്, ലൈഫ് ലൈൻ ആശുപത്രികളുടെയും നെസ്‌കോ ജംബോ സെന്ററിന്റെയും പേരുകളാണുള്ളത്. വാക്സിൻ ക്യാമ്പുമായി ബന്ധമില്ലെന്ന് ഇവരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.

സൊസൈറ്റിയിലെ 390 പേരാണ് പണം നൽകിയുള്ള കുത്തിവെപ്പിൽ പങ്കാളികളായത്. ഇതിൽ ഒരാൾക്കുപോലും പാർശ്വഫലങ്ങളുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. അതുകൊണ്ടുതന്നെ മരുന്നിനുപകരം പച്ചവെള്ളമാണോ കുത്തിവെച്ചതെന്ന് അവർ സംശയിക്കുന്നു. കുത്തിവെപ്പ് എടുത്തശേഷമാണ് അംഗങ്ങളുടെ പേരുവിവരം കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്തത്. കിട്ടിയ സർട്ടിഫിക്കറ്റിൽ നിറയെ തെറ്റുകളുമുണ്ടായിരുന്നു. സർട്ടിഫിക്കറ്റ് വ്യാജമാണോ എന്ന സംശയമുണ്ട്. വിദേശത്തുപോകാനും മറ്റുംവേണ്ടി ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കാനാവുമോ എന്ന ആശങ്കയുമുണ്ട്.

ആശുപത്രിയുടെ പ്രതിനിധി എന്നുപറഞ്ഞ് രാജേഷ് പാണ്ഡേ എന്നയാളാണ് തങ്ങളെ സമീപിച്ചതെന്ന് സൊസൈറ്റി ഭാരവാഹികൾ പറയുന്നു. സഞ്ജയ് ഗുപ്ത എന്നയാളാണ് കുത്തിവെപ്പിന് നേതൃത്വംനൽകിയത്. മഹേന്ദ്ര സിങ് എന്നയാളാണ് പണം പിരിച്ചത്. ഒരു ഡോസിന് 1260 രൂപവെച്ച് അഞ്ചുലക്ഷത്തോളം രൂപയാണ് സൊസൈറ്റിയിൽനിന്ന് ഇവർക്ക്‌ കിട്ടിയത്. ഹിരാനന്ദാനി സൊസൈറ്റിയിൽ വാക്സിനേഷൻ ക്യാമ്പ് നടത്തിയിട്ടില്ലെന്ന് കോകിലാബെൻ, നാനാവതി, ലൈഫ് ലൈൻ ആശുപത്രികൾ അറിയിച്ചതായി പോലീസ് വ്യക്തമാക്കി. നെസ്‌കോ ജംബോ സെന്ററാകട്ടെ സെന്ററിൽവെച്ച് സൗജന്യമായാണ് വാക്സിനേഷൻ നടത്തുന്നത്. കസ്റ്റഡിയിലെടുത്തത് ആരെയെല്ലാമാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.