ചെന്നൈ: പുതുച്ചേരി നിയമസഭാ സ്പീക്കറായി ബി.ജെ.പി. എം.എൽ.എ. എംബാലം ആർ. സെൽവം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച രാവിലെ നിയമസഭാസമ്മേളനം തുടങ്ങിയപ്പോൾ പ്രോട്ടം സ്പീക്കർ കെ. ലക്ഷ്മിനാരായണനാണ് സെൽവം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് പ്രഖ്യാപിച്ചത്. ആദ്യമായാണ് പുതുച്ചേരിയിൽ ബി.ജെ.പി. എം.എൽ.എ. സ്പീക്കറാവുന്നത്.

നിയമസഭയിൽ കന്നിക്കാരനായ സെൽവം ബി.ജെ.പി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. രംഗസാമിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസും ബി.ജെ.പി.യും ചേർന്ന സഖ്യമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ അധികാരത്തിലെത്തിയത്.

മേയ് ഏഴിന് രംഗസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും മറ്റുമന്ത്രിമാർ സ്ഥാനമേറ്റിട്ടില്ല. മന്ത്രിമാരാവേണ്ടവരുടെ പട്ടിക ബി.ജെ.പി.യിൽനിന്ന്‌ കിട്ടിയിട്ടില്ലെന്നാണ് എൻ.ആർ. കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. മാത്രമല്ല, മന്ത്രിസ്ഥാനം സംബന്ധിച്ച് ഇരുപാർട്ടികളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും നിലനിൽക്കുന്നുണ്ട്. 30 അംഗ പുതുച്ചേരി നിയമസഭയിൽ പ്രതിപക്ഷത്തുള്ള കോൺഗ്രസ്-ഡി.എം.കെ. സഖ്യത്തിനു എട്ടംഗങ്ങളാണുള്ളത്. എൻ.ആർ. കോൺഗ്രസ്-ബി.ജെ.പി. സഖ്യത്തിന് കേന്ദ്രം നാമനിർദേശം ചെയ്ത മൂന്ന് ബി.ജെ.പി. എൽ.എൽ.എ.മാർ ഉൾപ്പെടെ 19 അംഗങ്ങളുണ്ട്. നാമനിർദേശം ചെയ്യപ്പെട്ട എം.എൽ.എ.മാരെക്കൂടി ചേർത്താൽ നിയമസഭാംഗങ്ങൾ 33 ആണ്.