ചെന്നൈ: വിദ്യാർഥിനികളുടെ മീ ടൂ പരാതികളിൽ തമിഴ്‌നാട്ടിൽ ഒരു മാസത്തിനിടെ അറസ്റ്റിലായത് അധ്യാപകരടക്കം ആറുപേർ. അഞ്ചിലധികം അധ്യാപകർക്കെതിരേ അന്വേഷണം നടക്കുകയാണ്. ചെന്നൈ കെ.കെ. നഗറിലെ പി.എസ്.ബി.ബി. സ്‌കൂൾ പ്ലസ്ടു അധ്യാപകൻ രാജഗോപാലൻ, മഹർഷി വിദ്യാമന്ദിർ പ്ലസ്ടു അധ്യാപകൻ ജെ. ആനന്ദ്, മയിലാടുതുറൈ ജില്ലയിലെ ഡി.ബി.ടി.ആർ. എയ്ഡഡ് സ്കൂൾ കായികാധ്യാപകൻ എസ്. അണ്ണാദുരൈ, കേളമ്പാക്കം സുശീൽ ഹരി സ്കൂൾ സ്ഥാപകനായ ആത്മീയഗുരു ശിവശങ്കർ ബാബ എന്നിവരും വിവിധ സ്കൂളുകളിൽ ജൂഡോ പരിശീലനം നടത്തിയിരുന്ന കെബിരാജ്, ചെന്നൈയിൽ കായിക പരിശീലനകേന്ദ്രം നടത്തുന്ന നാഗരാജൻ എന്നിവരുമാണ് ഇതുവരെ അറസ്റ്റിലായത്. പോക്‌സോ അടക്കമുള്ള വകുപ്പുകളിലാണ് കേസ്.

സുശീൽ ഹരി സ്കൂൾ സ്ഥാപകനായ ആത്മീയഗുരു പെൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന് ഒത്താശചെയ്ത രണ്ട് അധ്യാപികമാരെയും പ്രതി ചേർത്തിട്ടുണ്ട്. മേയ് അവസാനവാരമാണ് സാമൂഹികമാധ്യമങ്ങൾ മുഖേന സ്കൂൾ വിദ്യാർഥിനികൾ മീ ടു തുറന്നുപറച്ചിലുകൾ ആരംഭിച്ചത്.

പ്രശസ്തമായ പത്മ ശേഷാദ്രി ബാലഭവൻ (പി.എസ്.ബി.ബി.) സ്കൂളിലെ അധ്യാപകനായ രാജഗോപാലനിൽനിന്നുണ്ടായ മോശം പെരുമാറ്റം പങ്കുവെച്ച് പൂർവവിദ്യാർഥിനിയായ മോഡലാണ് ആദ്യം രംഗത്തുവന്നത്. പിന്നാലെ കൂടുതൽപേർ സമാനാനുഭവങ്ങൾ തുറന്നുപറഞ്ഞു. അധ്യാപകൻ ഓൺലൈൻ ക്ലാസിൽ അർധനഗ്നനായി വന്നതും പെൺകുട്ടികൾക്ക് വാട്‌സാപ്പിൽ അശ്ലീല സന്ദേശങ്ങളയച്ചതുമെല്ലാം തെളിവുസഹിതം പുറത്തായി. ഡി.എം.കെ. നേതാവ് കനിമൊഴി എം.പി. യടക്കമുള്ളവർ വിഷയത്തിലിടപെട്ടതോടെ പോക്‌സോ കേസ് ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. അതോടെയാണ് മറ്റു സ്കൂളുകളിലെ വിദ്യാർഥിനികളും പൂർവവിദ്യാർഥികളും അധ്യാപകരിൽനിന്നു നേരിട്ട ദുരനുഭവങ്ങൾ സാമൂഹികമാധ്യമങ്ങളിൽ തുറന്നുപറയാനാരംഭിച്ചത്.

ചെന്നൈയിലെ പ്രശസ്തമായ ചെട്ടിനാട് വിദ്യാശ്രം, മഹർഷി വിദ്യാമന്ദിർ, സെയ്ന്റ് ജോർജ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ, സി.എൽ.ആർ.ഐ. കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലെ പൂർവവിദ്യാർഥിനികൾ മീ ടൂ ആരോപണമുന്നയിച്ചു. ഇത്തരം പരാതികൾ പരിശോധിക്കാൻ സൈബർ ടീമിനെ നിയോഗിച്ച പോലീസ് പരാതികളറിയിക്കാൻ ഹെൽപ് ലൈനും തുടങ്ങി. ഒരാഴ്ചയ്ക്കിടെ നൂറിലധികം പരാതികളാണ് പോലീസിന് ലഭിച്ചത്. ഇവ അന്വേഷിച്ച് വേഗത്തിൽ നടപടിയെടുക്കാൻ പോലീസിന് ആഭ്യന്തരവകുപ്പിൽനിന്ന് പ്രത്യേകം നിർദേശംനൽകി.

സംസ്ഥാന ബാലാവകാശ കമ്മിഷനും ആരോപണങ്ങളിൽപ്പെട്ട സ്കൂളുകളിൽ അന്വേഷണം നടത്തി നടപടിക്ക് ശുപാർശചെയ്തു. കുറ്റക്കാർക്കെതിരേ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനസർക്കാർ ഓൺലൈൻ ക്ലാസുകൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ മാർഗനിർദേശങ്ങൾ വൈകാതെ പുറത്തിറക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി അറിയിച്ചിരിക്കുന്നത്.