ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി എം.പിയും തന്റെ ഇളയച്ഛനുമായ പശുപതി കുമാർ പരസിനെ പാർലമെന്ററി പാർട്ടി നേതാവായി വിമത വിഭാഗം തീരുമാനിച്ചതിനെതിരേ ചിരാഗ് പാസ്വാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതി. പരസിനെ നേതാവായി പ്രഖ്യാപിച്ച് നേരത്തേ പുറത്തിറക്കിയ ഉത്തരവ് തിരുത്തണമെന്ന് കത്തിൽ ചിരാഗ് ആവശ്യപ്പെട്ടു. വിമത വിഭാഗങ്ങൾക്കെതിരേ നിയമയുദ്ധത്തിന് തയ്യാറാണെന്നും ചിരാഗ് ബുധനാഴ്ച ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

പരസിനെ അഞ്ച് ലോക്‌സഭാംഗങ്ങൾ ചേർന്ന് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്ത നടപടി പാർട്ടിവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചിരാഗ് ബുധനാഴ്ച രംഗത്തുവന്നത്. പാർട്ടി ഭരണഘടനയുടെ 26-ാം അനുച്ഛേദം പ്രകാരം ലോക്‌സഭയിലെ നേതാവിനെ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര പാർലമെന്ററി ബോർഡിനാണുള്ളത്. പാർട്ടിയിൽനിന്ന് പരസ് അടക്കം അഞ്ച് എം.പിമാരെ പുറത്താക്കിയ വിവരവും കത്തിൽ അറിയിച്ചിട്ടുണ്ട്.

വിമത വിഭാഗത്തിന്റെ നീക്കങ്ങൾക്കെതിരേ നീണ്ട നിയമയുദ്ധം ആവശ്യമായാൽ അത് താൻ നടത്തുമെന്ന് പിന്നീട് പത്രസമ്മേളനത്തിൽ ചിരാഗ് പറഞ്ഞു. ചൊവ്വാഴ്ച വരെ അമ്മയും താനും ഇളയച്ഛനോട് സംസാരിക്കാൻ ശ്രമിച്ചു. അദ്ദേഹം തയ്യാറായില്ല. ആവശ്യപ്പെട്ടിരുന്നെങ്കിൽ പാർലമെന്ററി ബോർഡ് നേതാവായി അദ്ദേഹത്തെ നിശ്ചയിക്കാൻ താൻ തയ്യാറായിരുന്നെന്നും ചിരാഗ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പുതന്നെ ഒരു വിഭാഗം പാർട്ടിയെ പിളർത്താൻ ശ്രമിച്ചിരുന്നെന്ന് ജെ.ഡി.യുവിനെയും നിതീഷ് കുമാറിനെയും ലക്ഷ്യമിട്ട് ചിരാഗ് ആരോപിച്ചു. അതേസമയം, എൽ.ജെ.പിയിലെ പ്രതിസന്ധികൾക്ക് കാരണം പാസ്വാനാണെന്ന് പരസ് പട്‌നയിൽ ആരോപിച്ചു. തന്റെ നേതൃത്വത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ചവിജയം നേടിയിട്ടും തന്നെ സംസ്ഥാന അധ്യക്ഷപദവിയിൽനിന്ന് നീക്കി. ബുധനാഴ്ച പട്‌ന വിമാനത്താവളത്തിൽ പരസിന് അനുയായികൾ സ്വീകരണം നൽകി.