ന്യൂഡൽഹി: നദികളിലൂടെയും കടലിൽ അഞ്ചു കിലോമീറ്ററിനുള്ളിലും സർവീസ് നടത്തുന്ന ബോട്ടുകളുടെയും വലിയ യാനങ്ങളുടെയും ബാർജുകളുടെയും രജിസ്‌ട്രേഷനും നിയന്ത്രണത്തിനും പ്രത്യേക കേന്ദ്രനിയമം വരുന്നു. ഇതിനുള്ള ’ഇൻലാൻഡ് വെസൽ ബില്ലിന്’ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബില്ലവതരിപ്പിക്കുമെന്ന് ഷിപ്പിങ്മന്ത്രി മൺസൂക്ക് മാണ്ഡവ്യ പറഞ്ഞു.

നദികളിലെ യാനങ്ങളുടെ നിയന്ത്രണം നിലവിൽ സംസ്ഥാനങ്ങളാണ് നടത്തുന്നത്. കേന്ദ്രത്തിൽ 1917-ൽ ഉണ്ടാക്കിയ നിയമമാണ് നിലവിലുള്ളത്. അടുത്തകാലത്തായി ഉൾനാടൻ ജലഗതാഗതം കൂടിവരികയാണ്. നദികളിലൂടെ വൻയാനങ്ങൾ സംസ്ഥാനങ്ങൾക്കിടയിൽ സഞ്ചരിക്കുന്നുണ്ട്. ആധുനിക കാർഗോകളും ബാർജുകളും നദികളിലൂടെ അന്തഃസംസ്ഥാനയാത്ര നടത്തുന്നുണ്ട്. വാരാണസിയിൽനിന്ന് ഹൗറ വരെയുള്ള ജലപാത ഉദാഹരണമാണ്. മറ്റിടങ്ങളിലും ഉൾനാടൻ ജലപാതകളുടെ വികസനം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ യാനങ്ങളുടെ രജിസ്‌ട്രേഷൻ, സുരക്ഷ, നിലവാരം തുടങ്ങിയ വിഷയങ്ങളിൽ നിയന്ത്രണം ആവശ്യമാണെന്ന് മന്ത്രി വിശദീകരിച്ചു.