ആഗ്ര: കോവിഡ് വ്യാപനം കാരണം രണ്ടുമാസത്തോളം അടച്ചിട്ട താജ്മഹൽ ബുധനാഴ്ച വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. സാമൂഹികഅകലം പാലിച്ചും മാസ്ക് നിർബന്ധമാക്കിയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയുമാണ് പ്രവേശനം. ഒരു ദിവസം 650 പേർക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഓൺലൈനായാണ് ബുക്കുചെയ്യേണ്ടത്.

ബ്രസീലിൽനിന്നുള്ള മെലിസ ഡല്ല റോസയാണ് താജ്മഹൽ വീണ്ടും തുറന്നപ്പോൾ കാണാനെത്തിയ വിനോദസഞ്ചാരികളിൽ ആദ്യത്തെയാൾ. സൂര്യോദയസമയത്ത് താജ്മഹൽ കാണാൻ സാധിച്ചതിലുള്ള സന്തോഷം അവർ മാധ്യമങ്ങളോട് പങ്കുവച്ചു. കേന്ദ്രസംരക്ഷിതസ്മാരകങ്ങളും മ്യൂസിയങ്ങളും ബുധനാഴ്ചമുതൽ തുറന്നുപ്രവർത്തിക്കുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.