ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, തിരഞ്ഞെടുപ്പ് കമ്മിഷണർ, കമ്മിഷനംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കാൻ സ്വതന്ത്ര സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ സാമൂഹികപ്രവർത്തകൻ സത്യൻ നരവൂർ സുപ്രീംകോടതിയിൽ ഹർജി നൽകി.

രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്നത്. പകരം സി.ബി.ഐ. ഡയറക്ടർ, കേന്ദ്ര വിജിലൻസ് കമ്മിഷണർ തുടങ്ങിയ നിയമനങ്ങളുടെ മാതൃകയിൽ സ്വതന്ത്ര സംവിധാനം വേണമെന്ന് അഡ്വ. കാളീശ്വരം രാജ് വഴി നൽകിയ അപേക്ഷയിൽ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്രമായ കൊളീജിയം സംവിധാനം വേണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന നൽകിയ ഹർജി സുപ്രീംകോടതി നേരത്തേ ഫയലിൽ സ്വീകരിച്ചിരുന്നു. ഇതിൽ കക്ഷിചേരാനാണ് സത്യൻ നരവൂർ അപേക്ഷ നൽകിയത്. ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, ന്യൂസീലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാൻ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ വ്യക്തമാക്കിയാണ് ഹർജി.