ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി.) തട്ടിപ്പുകേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് സി.ബി.ഐ. കേസിലെ മുഖ്യപ്രതികളിലൊരാളായ മെഹുൽ ചോക്സിയുെട ഉടമസ്ഥതയിലുള്ള ആഭരണക്കമ്പനിയായ ഗീതാഞ്ജലി ഗ്രൂപ്പിന്റെ മുൻ അന്താരാഷ്‌ട്രതലവൻ സുനിൽവർമ, പി.എൻ.ബി. ഉദ്യോഗസ്ഥരായ സാഗർസാവന്ത്, സഞ്ജയ് പ്രസാദ് ഗീതാജ്ഞലി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വജ്ര കമ്പനിയായ നക്ഷത്രയുടെ ഡയറക്ടർ ധനേഷ് സേഠ് എന്നിവരുടെ പേരാണ് പുതിയ കുറ്റപത്രത്തിലുള്ളത്.

ചോക്സിയെയും അദ്ദേഹത്തിന്റെ കമ്പനികളിലെ ജീവനക്കാരെയും പ്രതികളാക്കി ആദ്യകുറ്റപത്രം സമർപ്പിച്ച് മൂന്നുവർഷങ്ങൾക്കുശേഷമാണ് സി.ബി.ഐ. അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, പ്രതിഭാഗം ചൂണ്ടികാണിച്ച അപാകങ്ങൾ മറച്ചുവെയ്ക്കാനാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നും പുതുതായി കൂട്ടിച്ചേർത്ത തെളിവുനശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും ചോക്സിയുടെ അഭിഭാഷകൻ വിജയ് അഗർവാൾ പറഞ്ഞു.

ചോക്സിയെ ഇന്ത്യയ്ക്കുകൈമാറുന്നതുമായി ബന്ധപ്പെട്ട് കരീബിയൻരാജ്യമായ ഡൊമനിക്കയിൽ വിചാരണ പുരോഗമിക്കുന്നതിനിടയിലാണ് സി.ബി.ഐ.യുടെ നടപടി.