ന്യൂഡൽഹി: ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രത്തിന്റെ പുതിയ ഐ.ടി. ചട്ടം പാലിക്കാൻ തയ്യാറാവാത്തതിനാൽ ട്വിറ്ററിന് ഇന്ത്യയിലെ നിയമപരമായ പരിരക്ഷ നഷ്ടമായി. നിയമവിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താൽ ട്വിറ്ററിനെതിരേ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടിയെടുക്കാം.

മേയ് 26-ന് നിലവിൽവന്ന ഐ.ടി. ചട്ടം പാലിക്കാൻ ട്വിറ്ററിന് സർക്കാർ ഈ മാസമാദ്യം ഒരവസരംകൂടി നൽകിയിരുന്നു. ഇല്ലെങ്കിൽ ബാധ്യതയിൽനിന്ന് ഇളവ് ലഭിക്കാൻ ഐ.ടി. നിയമപ്രകാരമുള്ള പരിരക്ഷ ഇല്ലാതാകുമെന്നും മുന്നറിയിപ്പ് നൽകി. ട്വിറ്ററിന്റെ ‘സേഫ് ഹാർബർ’ പരിരക്ഷ ഇപ്പോൾ ഇല്ലാതായെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഒന്നേമുക്കാൽ കോടി ഉപയോക്താക്കളാണ് ട്വിറ്ററിന് ഇന്ത്യയിലുള്ളത്.

കേന്ദ്രത്തിന്റെ മാർഗരേഖപ്രകാരം െറസിഡന്റ് ഗ്രീവൻസ് ഓഫീസറെയും നോഡൽ കോൺടാക്ട്‌ ഉദ്യോഗസ്ഥനെയും ട്വിറ്റർ നിയോഗിച്ചെങ്കിലും അത് കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാരല്ല. മാത്രവുമല്ല ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിച്ചതിന്റെ വിവരങ്ങൾ കമ്പനി നൽകിയിട്ടുമില്ല. ഐ.ടി. മന്ത്രാലയത്തിന് ഇതുസംബന്ധിച്ച വിവരങ്ങൾ നേരിട്ട് നൽകുമെന്നാണ് ട്വിറ്റർ ചൊവ്വാഴ്ച അറിയിച്ചത്. ഇന്ത്യയിലെ ഓഫീസ് വിലാസം എന്നുപറഞ്ഞ് ട്വിറ്റർ അറിയിച്ചിരിക്കുന്നത് ഒരു നിയമസ്ഥാപനത്തിന്റേതാണെന്ന് സർക്കാർ പറയുന്നു.

മാർഗരേഖ പാലിച്ചുകൊണ്ട് ഗൂഗിൾ, ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ കമ്പനികൾ വിവരങ്ങൾ പങ്കുവെെച്ചങ്കിലും ട്വിറ്റർ തയ്യാറായിരുന്നില്ല. ഇതുൾപ്പെടെയുള്ള വിഷയങ്ങളിൽ അടുത്തിടെ ട്വിറ്ററും കേന്ദ്രസർക്കാരും നേർക്കുനേർ പ്രസ്താവനായുദ്ധം നടത്തിയിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിൽ ആശങ്കയുണ്ടെന്ന് ട്വിറ്റർ പറഞ്ഞപ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നിയമവ്യവസ്ഥകളോടുള്ള ധിക്കാരനടപടിയെന്നാണ് സർക്കാർ വിലയിരുത്തിയത്.