ന്യൂഡൽഹി: രാജ്യത്തെങ്ങും കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും വാർഡുതലങ്ങളിൽ ജനങ്ങളിലേക്കിറങ്ങാനും കോൺഗ്രസ്. പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെയും എ.ഐ.സി.സി. കോവിഡ് കർമസമിതിയുടെയും നേതൃത്വത്തിൽ ഒരു മാസം നീളുന്ന ജനസമ്പർക്ക പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. 30 ദിവസത്തിനുള്ളിൽ മൂന്നു കോടിയോളം വീടുകളിൽ നേരിട്ടെത്തി, 12 കോടിയോളം ആളുകളുമായി നേരിട്ട് സംവദിക്കുന്ന ജനകീയ പരിപാടിയാണ് പാർട്ടി ലക്ഷ്യമിടുന്നത്.

കോവിഡ് കണക്കുകൾ മൂടിവെക്കുന്നതിൽ രാജ്യവ്യാപകമായി വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ രോഗികളുടെയും മരിച്ചവരുടെയും യഥാർഥ കണക്കുകൾ ശേഖരിക്കും. പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തുറന്ന കോവിഡ് കൺട്രോൾ റൂമുകളുടെ മേൽനോട്ടത്തിൽ ഡി.സി.സി., ബ്ലോക്ക്, വാർഡ് തലങ്ങളിൽ കോ-ഓർഡിനേറ്റർമാരെ നിയമിച്ച് പ്രചാരണം താഴെത്തട്ടിൽ എത്തിക്കും. രാജ്യത്തെ 736 ജില്ലകളും ഏഴായിരത്തിലധികം വരുന്ന ബ്ലോക്കുകളും ഉൾക്കൊള്ളിച്ച് വലിയൊരു ജനസമ്പർക്ക കാമ്പയിനാണ് നടപ്പാക്കുകയെന്ന് വേണുഗോപാൽ പറഞ്ഞു.