ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ കോേളജ് വിദ്യാർഥികളായ ആസിഫ് ഇഖ്ബാൽ തൻഹ, ദേവാംഗന കലീത്ത, നടാഷാ നാർവാൾ എന്നിവർക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ. പ്രതികൾക്കെതിരേ പ്രഥമദൃഷ്ട്യാ യു.എ.പി.എ. കുറ്റം നിലനിൽക്കില്ലെന്നുകാട്ടി ജാമ്യം നൽകിയതിനെതിരേ ഡൽഹി പോലീസാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന് പിന്നിലെ വിശാലമായ ഗൂഢാലോചന ആരോപിച്ചാണ് ജെ.എൻ.യു. വിദ്യാർഥികളായ ദേവാംഗന, നടാഷാ, ജാമിയ മിലിയ സർവകലാശാലാ വിദ്യാർഥിയായ തൻഹ എന്നിവർക്കെതിരേ പോലീസ് യു.എ.പി.എ. ചുമത്തിയത്.

രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന കുറ്റങ്ങൾക്ക് മാത്രമേ യു.എ.പി.എ. നിലനിൽക്കൂവെന്നും കോേളജ് വിദ്യാർഥികൾ പ്രതിഷേധിച്ചാൽ രാഷ്ട്രത്തിന്റെ അടിത്തറ ഇളകില്ലെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. സമാധാനപരമായി നടത്തുന്ന പ്രതിഷേധം ഭീകരപ്രവർത്തനമല്ലെന്നും കോടതി പറഞ്ഞിരുന്നു.