ചെന്നൈ: രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച എ.ഐ.എ.ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികല പൂർവാധികം ശക്തിയോടെ തിരിച്ചുവരവിനൊരുങ്ങുന്നു. പതുങ്ങിനിന്ന് ചാടിവീഴാനുള്ള അടവുനയമാണ് അവർ പയറ്റിക്കൊണ്ടിരിക്കുന്നത്. എ.ഐ.എ.ഡി.എം.കെ.യിലെ വിള്ളലുകൾ വലുതാക്കി പാർട്ടി കോ-ഓർഡിനേറ്റർ ഒ. പനീർശെൽവത്തെ തനിക്കൊപ്പം നിർത്തി രാഷ്ട്രീയത്തിൽ വീണ്ടും ചുവടുറപ്പിക്കുകയാണ് ശശികലയുടെ ലക്ഷ്യം.

പാർട്ടിയിലെ ഒരുവിഭാഗത്തെ കൈപ്പിടിയിലൊതുക്കി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ എടപ്പാടി പളനിസ്വാമി വിഭാഗത്തിന്റെ ശക്തി ക്ഷയിപ്പിക്കാനുമുള്ള പരോക്ഷമായ നീക്കങ്ങളാണ് ഇപ്പോൾ ശശികല നടത്തുന്നത്. ചൊവ്വാഴ്ച ശശികലയുടേതായി പുറത്തുവന്ന ഓഡിയോ സംഭാഷണത്തിന്റെ ഉള്ളടക്കം ഇത് വ്യക്തമാക്കുന്നു. തേനിയിലെ പാർട്ടി നേതാവായ ശിവനേശനുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ടിരിക്കുന്നത് ശശികലയുടെ ഓഫീസ് തന്നെയാണ്. ശശികലയുമായി സംസാരിക്കുന്നവരെ പുറത്താക്കുമെന്ന് പാർട്ടിയുടെ നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കിയിരുന്നു. എങ്കിലും പനീർശെൽവം തന്നെ നിയമം ലംഘിക്കുന്നുണ്ടോ എന്ന സംശയം പളനിസ്വാമി പക്ഷത്തിനുണ്ട്. പനീർശെൽവത്തിന് അനുകൂലമായാണ് ചൊവ്വാഴ്ച ശശികലയുടെ സംഭാഷണം പുറത്തുവന്നത്. പാർട്ടി കോ-ഓർഡിനേറ്ററായ പനീർശെൽവം 2017 ഫെബ്രുവരിയിൽ സ്വമേധയാ ആണ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതെന്നാണ് ശശികല പറയുന്നത്. അന്ന് പനീർശെൽവം കലാപക്കൊടി ഉയർത്തിയിരുന്നില്ലെങ്കിൽ പളനിസ്വാമിക്കുപകരം അദ്ദേഹത്തെത്തന്നെ താൻ മുഖ്യമന്ത്രിയാക്കുമെന്നും ശശികല വെളിപ്പെടുത്തുന്നു.

എ.ഐ.എ.ഡി.എം.കെ. യിൽ ഒരു പ്രത്യേക സമുദായത്തിന് അമിതപ്രധാന്യം നൽകുന്നുവെന്ന പരാതിയും ശശികല ഉയർത്തിക്കാട്ടുന്നു. എടപ്പാടി പളനിസ്വാമിയുടെ ഗൗണ്ടർ സമുദായം പാർട്ടിയെ നിയന്ത്രണത്തിലാക്കുന്നുണ്ടെന്ന ആക്ഷേപം നിലവിൽ ശക്തമാണ്. എ.ഐ.എ.ഡി.എം.കെ. എല്ലാവരുടെയും പാർട്ടിയാണെന്നും സമുദായത്തെ ഉയർത്തിക്കാട്ടുന്നതായിരിക്കരുതെന്നും ശശികല സംഭാഷണത്തിൽ പറയുന്നു. പളനിസ്വാമിയാണ് പാർട്ടിയെ തകർക്കുന്നതെന്നും അവർ വിലയിരുത്തുന്നു. തന്നെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് അകറ്റി നിർത്തിയത് പളനിസ്വാമിയാണെന്നും അതിനാലാണ് പാർട്ടി പരാജയപ്പെട്ടതെന്നും കൂടി ശശികല പറയുന്നു. ഏതാനും ദിവസം മുമ്പു പുറത്തുവന്ന ഓഡിയോ സംഭാഷണത്തിൽ എം.ജി.ആറിന്റെയും ജയലളിതയുടെയും കാലത്തുള്ളതുപോലെ പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് ശശികല വ്യക്തമാക്കുന്നു. എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിച്ച് പാർട്ടിയെ താൻ രക്ഷിക്കുമെന്നും അധികാരം തിരിച്ചു പിടിക്കുമെന്നും അവർ പറഞ്ഞു. ഈ സംഭാഷണശകലങ്ങൾ ചേർത്തു വായിച്ചാൽ പൂർവാധികം ശക്തിയോടെ ശശികല പാർട്ടിയിൽ പിടിമുറുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ശശികലയുമായി സംസാരിച്ച 17 പാർട്ടി നേതാക്കളെ കഴിഞ്ഞദിവസം എ.ഐ.എ.ഡി.എം.കെ. പുറത്താക്കിയിരുന്നു.