മുംബൈ: മുംബൈയിൽ ചികിത്സയ്ക്കെത്തിയ ഇന്ദോർ സ്വദേശിക്ക് ഗ്രീൻ ഫംഗസ് രോഗബാധ. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു രോഗം സ്ഥിരീകരിക്കുന്നത്. കോവിഡ് രോഗമുക്തി നേടിയതിനുശേഷം യുവാവിന് ബ്ലാക്ക് ഫംഗസാണെന്ന (മ്യൂക്കോർമൈക്കോസിസ്) സംശയത്തിൽ നിരീക്ഷണത്തിലായിരുന്നു. തുടർ പരിശോധനയിലാണ് യുവാവിന് ഗ്രീൻ ഫംഗസാണെന്ന് (ആസ്പർഗില്ലോസിസ്) സ്ഥിരീകരിച്ചത്.

ഇന്ദോറിലെ അരബിന്ദോ ആശുപത്രിയിൽ ഒന്നരമാസമായി ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 90 ശതമാനമായിരുന്നു ശ്വാസകോശത്തിലെ അണുബാധയെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്ലാക് ഫംഗസിന്‌ സമാനമായി കോവിഡ് ബാധിതരിൽ അല്ലെങ്കിൽ രോഗമുക്തരിലാണ് ഗ്രീൻ ഫംഗസ് കണ്ടെത്തുന്നത്. മൂക്കിൽനിന്ന് രക്തംവരിക, കടുത്ത പനി എന്നിവയാണ് രോഗലക്ഷണങ്ങൾ.