ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി 25-ലേക്ക് മാറ്റി. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ ബിനീഷിന്റെ അഭിഭാഷകന് അസുഖമായതിനാൽ ഹജരാകാൻ സാധിച്ചില്ല. അതിനാൽ പത്തു ദിവസംകൂടി സമയംവേണമെന്ന ആവശ്യത്തെത്തുടർന്നാണ് കേസ് മാറ്റിയത്. നേരത്തെ ഇ.ഡി.ക്കുവേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന് കോവിഡ് ബാധിച്ചതിനാൽ ജാമ്യഹർജി പരിഗണിക്കുന്നത് രണ്ടുതവണ മാറ്റിയിരുന്നു.

അക്കൗണ്ടിലെത്തിയ അഞ്ചുകോടി രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷ് നൽകിയ വിശദീകരണത്തിൽ ഇ.ഡി.യുടെ വാദമാണ് ഇനി നടക്കാനുള്ളത്. ഇതുവരെ കോടതി ആവശ്യപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ ഹാജരാക്കാൻ തയ്യാറാണെന്നും ബിനീഷിന്റെ അഭിഭാഷകരിലൊരാളായ അഡ്വ. രഞ്ജിത് ശങ്കർ പറഞ്ഞു. പിതാവിന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. നവംബർ 11-നുശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.