ബെംഗളൂരു: അന്വേഷണത്തിലിരിക്കുന്ന കേസിന്റെ വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നതിൽനിന്ന് പോലീസിനെ വിലക്കണമെന്ന് കർണാടക ഹൈക്കോടതി. ഇതുസംബന്ധിച്ച് സമഗ്രമായ മാർഗനിർദേശങ്ങൾക്ക് രൂപംനൽകാൻ ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒകയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് സർക്കാരിനോട് നിർദേശിച്ചു.

ബെംഗളൂരുവിലെ അഭിഭാഷകനായ എച്ച്. നാഗഭൂഷൻ റാവു നൽകിയ പൊതുതാത്പര്യഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഈ നിർദേശം നൽകിയത്. അന്വേഷണത്തിൽ പോലീസ് ശേഖരിച്ച വസ്തുക്കളും പ്രതിയുടെ വ്യക്തിപരമായ വിവരങ്ങളും കേസിന്റെ സ്വഭാവവും മാധ്യമങ്ങളിലൂടെയോ അല്ലാതെയോ പൊതുജനങ്ങൾക്കിടയിൽ വെളിപ്പെടുത്തുന്നത് പ്രതിയുടെ അവകാശത്തെ ബാധിക്കുന്നതാണ്. പ്രതിയുടെ ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെയും കേസിന്റെ വിചാരണയെയും ഇത് ബാധിക്കും-കോടതി പറഞ്ഞു. മാർഗനിർദേശങ്ങൾക്ക് രൂപം നൽകാൻ സർക്കാരിന് ജൂലായ് 20 വരെ സമയം അനുവദിച്ചു.

ഏതാനും വർഷങ്ങൾക്കിടെ കർണാടകത്തിലെ ഏതാനും മന്ത്രിമാർ ഉൾപ്പെട്ട കേസുകളുമായി ബന്ധപ്പെട്ട വീഡിയോകൾ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹർജി നൽകിയത്. അന്വേഷണത്തിനിടെ ശേഖരിക്കുന്ന വിവരങ്ങൾ ചോരാതിരിക്കാൻ പോലീസിന് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. അന്വേഷണത്തിലിരിക്കുന്ന കേസിന്റെ വിവരങ്ങൾ പോലീസ് ഓഫീസർമാർ വെളിപ്പെടുത്താറില്ലെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പല തവണ പോലീസിന് നൽകിയിട്ടുള്ളതാണെന്നും അറിയിച്ചു.