മുംബൈ: മുംബൈ ലോക്മാന്യ ടെർമിനൻസിൽനിന്ന് എറണാകുളത്തേക്ക് ഓടുന്ന തുരന്തോ എക്സ്‌പ്രസിൽ റെയിൽവേ സ്ലീപ്പർ ക്ലാസുൾപ്പെടുത്തി പരീക്ഷിക്കുന്നു. നിലവിൽ ഈ ട്രെയിനിൽ മുഴുവൻ എ.സി. കോച്ചുകളാണ് ഉപയോഗിക്കുന്നത്. ഒരു ഫസ്റ്റ് ക്ലാസ് എ.സി., രണ്ട് സെക്കന്റ് ക്ലാസ് എ.സി., എട്ട് ത്രീ ടയർ എ.സി. കോച്ചുകളാണ് ഇതിലുള്ളത്. ഇതിൽ തേഡ് എ.സി. കോച്ചുകളുടെ എണ്ണംകുറച്ച് നാലോ അഞ്ചോ സ്ലീപ്പർ ക്ലാസ് കോച്ചുകൾ ഉൾപ്പെടുത്താനാണ് തീരുമാനം.

താത്കാലികമായി നിർത്തിവെച്ചിരിക്കുന്ന തുരന്തോ ജൂലായ് ആദ്യവാരംമുതൽ വീണ്ടും ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് മധ്യ റെയിൽവേ. അന്നുമുതൽ ഈ മാറ്റമുണ്ടാകും. മധ്യവേനൽ അവധിക്കാലത്തും ശബരിമല സീസണിലും മറ്റ് തിരക്കുള്ള സമയങ്ങളിലും മാത്രമാണ് തുരന്തോ എക്സ്പ്രസിൽ യാത്രക്കാർ നിറയാറുള്ളത്. മറ്റ് സമയങ്ങളിൽ താരതമ്യേന യാത്രക്കാർ കുറവാണ്. കോവിഡ് കാലത്ത് ഓടിയപ്പോഴും യാത്രക്കാർ നന്നേ കുറവായിരുന്നു. രോഗ വ്യാപനംകുറഞ്ഞ സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് ജൂലായ് ഒന്നുമുതൽ വീണ്ടും സർവീസിന് തയാറെടുക്കുന്നത്.

നിലവിൽ മുംബൈയിൽനിന്ന് നേത്രാവതി എക്സ്പ്രസ് മാത്രമാണ് പ്രത്യേകവണ്ടിയായി ഓടുന്നത്. ഇതിലും യാത്രക്കാർ കുറവാണ്. തുരന്തോയിൽ സ്ലീപ്പർ ക്ലാസ് ഉൾപ്പെടുത്തുന്നതോടെ ആഴ്ചയിൽ രണ്ട് സർവീസ് നടത്തുന്ന ഈ ട്രെയിനിലും യാത്രക്കാർ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ. രാജ്യത്തിന്റെ മറ്റു പല ഭാഗത്തേക്ക് ഓടുന്ന പല തുരന്തോ എക്സ്പ്രസുകളിലും നേരത്തെതന്നെ സ്ലീപ്പർ ക്ലാസ് ഉപയോഗിക്കുന്നുണ്ട്. മുംബൈ-എറണാകുളം തുരന്തോയിൽ സ്ലീപ്പർക്ലാസ് സ്ഥിരംസംവിധാനമാകുമോ എന്ന കാര്യത്തിൽ റെയിൽവേ ഉറപ്പ് നൽകുന്നില്ല.