ന്യൂഡൽഹി: സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പെസഫിക് മേഖലയ്ക്കുവേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ആസിയാൻ രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരുടെ വെർച്വലായി നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാജ്യങ്ങളുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും കണക്കിലെടുക്കുകയും തർക്കങ്ങൾ ചർച്ചകളും അന്താരാഷ്ട്ര നിയമങ്ങളും ഉപയോഗിച്ച് പരിഹരിക്കുകയും െചയ്ത് സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പെസഫിക് മേഖല സാധ്യമാകണമെന്നാണ് ഇന്ത്യയുടെ നിലപാട്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും എതിരായി മേഖലയിൽ പുതിയ വെല്ലുവിളികൾ ഉണ്ടായേക്കാം. മേഖലയിലെ തെക്കൻ ചൈനാക്കടലിലെ സംഭവവികാസങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. അന്താരാഷ്ട്ര ജലപാതകളിൽ തടസ്സമില്ലാത്ത ഗതാഗതവും വാണിജ്യവും സാധ്യമാകണമെന്നാണ് രാജ്യത്തിന്റെ നിലപാട്.” -അദ്ദേഹം വ്യക്തമാക്കി.